ബിഗ്ബി എടുത്തത് അതിജീവനത്തിന്റെ ഭാഗമായിട്ടായിരുന്നു! എന്നാല്‍ രണ്ടാംഭാഗം എടുക്കുന്നതിന് ചില പ്രത്യേക കാരണങ്ങളുണ്ട്; സംവിധായകന്‍ അമല്‍ നീരദ് വെളിപ്പെടുത്തുന്നു

അടുത്തദിവസങ്ങളില്‍ മലയാള സിനിമാലോകം ഏറെ സന്തോഷത്തോടെയും ആകാംക്ഷയോടെയും സ്വീകരിച്ച ഒരു വാര്‍ത്തയാണ് ബിലാല്‍ എന്ന പേരില്‍ മമ്മൂട്ടി നായകമായ ബിഗ്ബിയുടെ രണ്ടാംഭാഗം എത്തുന്നു എന്നത്. ഇനി എപ്പോഴാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത് എന്ന കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രമായ ബിലാല്‍ വീണ്ടുമെത്തുന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നിരവധി നടീ നടന്മാരും രംഗത്തെത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, പ്രിഥ്വിരാജ്, നസ്രിയ നസീം, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമ്മൂട്, സൗബിന്‍ ഷാഹിര്‍, അജു വര്‍ഗീസ്, സണ്ണി വെയിന്‍, ഹരീഷ് കണാരന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ രണ്ടാം വരവിലെ സന്തോഷം തങ്ങളുടെ ആരാധകരുമായി പങ്കുവയ്ക്കുകയുണ്ടായി.

ആരാധകരുടെ ഈ ആവേശം കണ്ട് ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഗിബിയുടെ സംവിധായകനായ അമല്‍ നീരദ്. ബിലാല്‍ വീണ്ടുമെത്താന്‍ ഒരു കാരണമുണ്ട് എന്നാണ് സംവിധായകന്‍ അമല്‍ നീരദ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ആദ്യവരവില്‍ ചിത്രത്തെ സ്വീകരിച്ചതിന് പ്രേക്ഷകരോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. അന്ന് സിനിമയെടുത്തത് അതിജീവനത്തിനായിരുന്നുവെന്നും അമല്‍ വ്യക്തമാക്കി.

ഇത്രയും വലിയ വരവേല്‍പ്പിന് വളരെയധികം നന്ദിയുണ്ട്, അതിനൊപ്പം തന്നെ ഉത്തരവാദിത്തവും വര്‍ദ്ധിച്ചിട്ടുണ്ട്. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ അതിജീവനത്തിനു വേണ്ടിയാണ് ബിഗ് ബി നിര്‍മ്മിച്ചത്. ഇപ്പോഴും ഈ സിനിമ ഇത്രയും നല്ല രീതിയില്‍ മലയാളികളുടെ ഹൃദയത്തില്‍ ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു. കുറേക്കൂടി മികച്ച രീതിയില്‍ ‘ബിലാലി’നെ കൊണ്ടുവരാനാണ് ഞാന്‍ ശ്രമിക്കുന്നത്. സിനിമ പ്ലാന്‍ ചെയ്യാന്‍ കുറച്ചു സമയം എനിക്ക് വേണം. ‘ബിഗ് ബി’യിലെ ചില കഥാപാത്രങ്ങള്‍ ‘ബിലാലി’ലും ഉണ്ടാകും എന്നുള്ളല്ലാതെ മറ്റൊന്നും ഇതുവരെ തീരുമാനമായിട്ടില്ല.

2018ല്‍ തന്നെ ‘ബിലാല്‍’ സംഭവിക്കും. ഒരു രണ്ടാം ഭാഗം എടുക്കണം എന്ന പദ്ധതി ഉണ്ടായിരുന്നെങ്കില്‍ അത് എനിക്ക് നേരത്തെ തന്നെ ചെയ്യാമായിരുന്നു. ആദ്യ ഭാഗം മാസ്സായി ആഘോഷിക്കപ്പെട്ടത് കൊണ്ട് മാത്രം ആ സിനിമയുടെ രണ്ടാം ഭാഗം എടുക്കണം എന്ന് എനിക്കില്ലായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ആദ്യ ഭാഗത്തിന്റെ സൗന്ദര്യം കൂടി ഇല്ലാതാക്കാം എന്നേയുള്ളു. 10 വര്‍ഷങ്ങള്‍ക്ക് ശേഷം ബിലാലിനെക്കുറിച്ച് ഒരു സിനിമ എടുക്കാനുള്ള കാരണം മറ്റൊന്നുമല്ല. രണ്ടാം ഭാഗത്തിന് വേണ്ടി നമുക്ക് ഇപ്പോള്‍ മികച്ച ഒരു ഐഡിയ ലഭിച്ചിട്ടുണ്ട്, എന്നതുതന്നെയാണ്. അമല്‍ നീരദ് പറയുന്നു.

 

 

Related posts