സമയമാകുമ്പോള്‍ രാഷ്ട്രീയത്തിലിറങ്ങും: അമല്‍ ഉണ്ണിത്താന്‍

Amal_unnithan01

രാഷ്ട്രീയനേതാവും നടനുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍ നായകനാകുന്ന ‘പോളേട്ടന്റെ വീട്’ തിയറ്ററുകളിലേക്ക്. സായികുമാര്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും പുതുമുഖം ദിലീപ് നാരായണന്‍. ചിത്രത്തില്‍ അമല്‍ എന്ന നായകകഥാപാത്രമായി വേഷമിടുന്ന അമല്‍ ഉണ്ണിത്താന്റെ സിനിമാവിശേഷങ്ങളിലേക്ക്…

പോളേട്ടന്റെ വീട്ടി’ലേക്കുള്ള വഴി…?

സ്കൂള്‍പഠനം പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍. ഡിഗ്രി ബംഗളൂരു െ്രെകസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍. സിനിമ ഒരിക്കലും എന്റെ സ്വപ്നമല്ലായിരുന്നു. എംബിഎ പഠനത്തിനു കാനഡയില്‍ പോകാനിരുന്ന സമയത്താണ് ചാന്ദ്‌നിപാര്‍ക്ക് എന്ന തമിഴ് സിനിമയില്‍ അഭിനയിക്കാനുള്ള ഓഫറുമായി പ്രദീപ് ബാബു വന്നത്. പക്ഷേ, ആ പ്രോജക്ട് പൂര്‍ത്തിയായില്ല. പിന്നീടാണ് ദിലീപ് നാരായണന്‍ എന്ന പുതുമുഖസംവിധായകനില്‍ നിന്ന് പോളേട്ടന്റെ വീട് എന്ന സിനിമയില്‍ നായകനായി അഭിനയിക്കാനുള്ള ഓഫര്‍ വന്നത്.

അച്ഛന്‍ സിനിമയിലും താരമാണല്ലോ. മകനും പണ്ടേ അഭിനയസ്വപ്നങ്ങള്‍ ഉണ്ടാകണമല്ലോ..?

അഭിനയമെന്താണെന്ന് അറിയാത്ത ഒരു സമയമായിരുന്നു അത്. പക്ഷേ, ആര്‍ട്ടിസ്റ്റുകളെയൊക്കെ അറിയാമായിരുന്നു. ആര്‍ക്കും അങ്ങനെ എളുപ്പത്തില്‍ എത്തിപ്പെടാനാകുന്ന ഒരു മേഖലയല്ല സിനിമ. സിനിമയില്‍ വരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച ഒരു ലക്ഷ്യമൊന്നും എനിക്കില്ലായിരുന്നു. ഫിക്‌സ്ഡ് ഡ്രീം ഒന്നുമില്ലായിരുന്നു. ആദ്യം ഒരു തമിഴ്പടം വന്നപ്പോള്‍ അതു വലിയ അദ്ഭുതമായിരുന്നു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്ന നടനെക്കുറിച്ച് എന്താണ് അഭിപ്രായം…?

അച്ഛന്‍ അഭിനയിച്ച നാലഞ്ചു പടം കണ്ടിട്ടുണ്ട്. അച്ഛന്‍ കുഴപ്പമില്ലാതെ അഭിനയിക്കും.

പോളേട്ടന്റെ വീട് എന്ന സിനിമയുടെ പ്രമേയമെന്താണ്..?
Amal_unnithan04
ഇതൊരു ഫാമിലി സബ്ജക്ടാണ്. ഇതില്‍ യംഗ് ജനറേഷനുണ്ട്. കുട്ടികളുണ്ട്. ഇത് ഒരു ഓള്‍ ജനറേഷന്‍ മൂവിയാണ്. അല്ലാതെ ന്യൂജനറേഷനൊന്നുമല്ല. ഫാമിലി മൂവിയുമാണ്. പോളേട്ടനായി വേഷമിടുന്നതു സായികുമാര്‍. പണം ധാരാളമായി ചെലവഴിക്കാന്‍ മടിയുള്ള ഒരു കഥാപാത്രമാണു പോളേട്ടന്‍. പോളേട്ടനെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു കഥയാണിത്.

ഈ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച്…?

അമല്‍ എന്നു തന്നെയാണ് ഇതില്‍ എന്റെ കഥാപാത്രത്തിന്റെയും പേര്. കോളജ്, പ്രണയം എന്നിങ്ങനെയാണ് അമലിന്റെ ലോകം. അമലും പോളേട്ടനും തമ്മിലുള്ള ബന്ധം സസ്‌പെന്‍സാണ്. അതു തന്നെയാണ് ഈ സിനിമയെ ആകര്‍ഷകമാക്കുന്ന പ്രധാന ഘടകം. ത്രില്ലിംഗ് സസ്‌പെന്‍സാണുള്ളത്. ഫാമിലി സബ്ജക്ടാണെന്നു തോന്നിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ പോലും ഡിസൈന്‍ ചെയ്തിരിക്കുന്നത്.

സംവിധായകന്‍ ദിലീപ് നാരായണനെക്കുറിച്ച്..?

കഥയും സ്ക്രിപ്റ്റുമെല്ലാം അദ്ദേഹത്തിന്റേതു തന്നെയാണ്. അദ്ദേഹത്തിന്റെ ഇടപെടല്‍ ഈ ചിത്രത്തിന്റെ എല്ലാ മേഖലകളിലും ഉണ്ടായിട്ടുണ്ട്. പൂര്‍ണമായും ഒരു ദിലീപ് നാരായണന്‍ ചിത്രമാണ് പോളേട്ടന്റെ വീട്.

ഈ സിനിമയിലെ നായിക മാനസയെക്കുറിച്ച്…?

നായിക മാനസ രാധാകൃഷ്ണന്‍. എറണാകുളം ചോയ്‌സ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി. മാനസ മുമ്പ് ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചിരുന്നു. പോളേട്ടന്റെ വീട് മാനസയുടെ ആദ്യ മലയാളചിത്രമാണ്. എന്റെ പെയറായിട്ടാണു മാനസ വരുന്നത്. സാറ എന്നാണ് മാനസയുടെ കഥാപാത്രത്തിന്റെ പേര്.

സായികുമാറിനൊപ്പമുള്ള അനുഭവങ്ങള്‍…?

സീനിയര്‍ ആക്ടറാണ്. അനുഭവപരിചയമുള്ള നടനാണ്. അദ്ദേഹവുമായി ഒരുമിച്ച് അഭിനയിക്കാനായതു വലിയ ഭാഗ്യമെന്നു കരുതുന്നു. മൊയ്തീനുശേഷം വളരെ സെലക്ടീവാണ് അദ്ദേഹം. ജേക്കബിന്റെ സ്വര്‍ഗരാജ്യമാണ് പിന്നീട് അദ്ദേഹം ചെയ്തത്. ഇതില്‍ ടൈറ്റില്‍ റോളിലാണ് സായികുമാര്‍ വരുന്നത്.

കെപിഎസി ലളിതയ്‌ക്കൊപ്പമുള്ള അഭിനയത്തെക്കുറിച്ച്…?
Amal_unnithan09
പോളേട്ടന്റെ അമ്മയായിട്ടാണു കെപിഎസി ലളിത ഇതില്‍ അഭിനയിച്ചത്. എനിക്കു ലളിതാമ്മയുമായി കോംബിനേഷന്‍ സീനുകളില്ല. പക്ഷേ, മുന്‍പരിചയമുണ്ട്. മുന്‍ഷി വേണു, കലാശാല ബാബു, കുളപ്പുള്ളി ലീല എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. ധാരാളം പുതുമുഖങ്ങളുമുണ്ട്.

സുധീര്‍ കരമനയ്‌ക്കൊപ്പമുള്ള അനുഭവങ്ങള്‍…?

ലക്കി ചാമാണ് സുധീര്‍ കരമന. സിനിമയില്‍ വരുന്നതിനു മുമ്പുതന്നെ എനിക്ക് അദ്ദേഹത്തെ അറിയാം. എന്റെ ഏറ്റവുമടുത്ത സുഹൃത്താണ്. അതിനാല്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് അഭിനയമായി എനിക്കു ഫീല്‍ ചെയ്തില്ല. അഭിനയം വളരെ എളുപ്പമായി തോന്നി.

ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ച്..?

ആദ്യ ഷെഡ്യൂളിനുശേഷം എനിക്കു ചിക്കന്‍ പോക്‌സ് പിടിപെട്ടു. തിരിച്ചുവന്നപ്പോഴേക്കും കാസ്റ്റും ക്രൂവുമൊക്കെ മാറി. കുന്നംകുളം, ഹാപ്പി വെഡ്ഡിംഗ് ഷൂട്ട് ചെയ്ത റോയല്‍ എന്‍ജിനിയറിംഗ് കോളജ് എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. കര്‍ണാടകയിലെ ഉഡുപ്പിയിലായിരുന്നു ഒരു പാട്ട് ഷൂട്ട് ചെയ്തത്. 20 ദിവസത്തിനുള്ളില്‍ ഷൂട്ടിംഗ് തീര്‍ത്ത ലോ ബജറ്റ് ചിത്രമാണ് പോളേട്ടന്റെ വീട്. പണ്ടേ കാമറ കണ്ടു വളര്‍ന്നതിനാല്‍ കാമറാ ഫിയര്‍ ഒട്ടും ഉണ്ടായിരുന്നില്ല. പക്ഷേ, ആദ്യമായി കാമറയ്ക്കു മുന്നില്‍ അഭിനയിക്കുന്നതിന്റെ ചില ബുദ്ധിമുട്ടുകള്‍ എനിക്കും ഉണ്ടായിരുന്നു. കുറച്ചു മസിലുപിടുത്തം ഉണ്ടായിരുന്നു. അതു സാവധാനം മാറിവന്നു.

പുതിയ പ്രോജക്ടുകളെക്കുറിച്ച്…?

ജനുവരിയില്‍ രണ്ടു ചിത്രങ്ങള്‍ തുടങ്ങുകയാണ്. സെബാസ്റ്റ്യന്‍ മാളിയേക്കലിന്റെ പ്രോജക്ടാണ് ഒന്ന്. ഔസേപ്പച്ചന്‍ സാറാണു സംഗീതം. അതില്‍ യേശുദാസ് പാടുന്ന ഒരു പാട്ടുണ്ട്. അതിനുശേഷം ഒരു ബിഗ് ബജറ്റ് ചിത്രത്തിലാണ് അഭിനയിക്കുന്നത്. മാര്‍ച്ചിലാണ് അതു തുടങ്ങുന്നത്.

സിനിമയുടെ ഭാഗമായപ്പോള്‍ എന്തുതോന്നുന്നു..?

സിനിമയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ നല്ലരീതിയില്‍ പോരാടേണ്ടിവരും. മത്സരബുദ്ധിയോടെയാണ് ആളുകള്‍ നില്‍ക്കുന്നത്. നിര്‍മാതാക്കളില്ല എന്നതാണു ഇന്നു സിനിമ നേരിടുന്ന വലിയ പ്രതിസന്ധി. എല്ലാ നിര്‍മാതാക്കള്‍ക്കും സാറ്റലൈറ്റ് മൂല്യമുള്ള നടനെ മതി. സ്ക്രിപ്റ്റ് എന്താണെന്ന് ആരും ശ്രദ്ധിക്കാറില്ല. ഈ സിനിമയുടെ നിര്‍മാതാവ് പുതുമുഖങ്ങളെ വച്ചു റിസ്‌കെടുത്തു തന്നെയാണു പടമെടുത്തിരിക്കുന്നത്.

അച്ഛനാണോ റോള്‍മോഡല്‍..?

രാഷ്്ട്രീയപരമായി ഒത്തിരി കാര്യങ്ങള്‍ അച്ഛനില്‍ നിന്നു പഠിച്ചിട്ടുണ്ട്. സെറ്റില്‍ എല്ലാവരോടും നന്നായി ഇടപഴകണമെന്നും അച്ചടക്കം പാലിക്കണമെന്നുമൊക്കെ അച്ഛന്‍ പറഞ്ഞിരുന്നു. പക്ഷേ, സിനിമയില്‍ ഒരു റോള്‍ മോഡലായി അദ്ദേഹത്തെ കരുതിയിട്ടില്ല. ആക്ടിംഗില്‍ മോഹന്‍ലാല്‍ തന്നെയാണു റോള്‍മോഡല്‍.

ബോഡി ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധിക്കാറുണ്ട്, അല്ലേ..?
Amal_unnithan10
സിനിമയില്‍ വരുന്നതിനു മുമ്പുതന്നെ ബോഡി ഫിറ്റ്‌നസില്‍ താത്പര്യമുണ്ടായിരുന്നു. വര്‍ക്കൗട്ടും ഡയറ്റുമൊക്കെയായി പോകുന്നു. ഈ സിനിമയില്‍ മസിലുപിടിത്തം വേണ്ടെന്നും അല്പം അയഞ്ഞ ബോഡിയാണു വേണ്ടതെന്നും സംവിധായകന്‍ ആദ്യംതന്നെ പറഞ്ഞിരുന്നു. സിനിമകളിലെ മസില്‍മാന്‍മാരെ ആരെയും ഇതേവരെ അനുകരിച്ചിട്ടില്ല. എല്ലാ സിനിമകളിലും മസിലുമായി വരുന്ന ഒരു താരത്തെയും മലയാളികള്‍ ഇതേവരെ സ്വീകരിച്ചിട്ടില്ല.

ഷൂട്ടിംഗിനിടെയുള്ള അവിസ്മരണീയ നിമിഷങ്ങള്‍…?

ഈ സിനിമയില്‍ പ്രത്യേകമായി സ്റ്റണ്ട് മാസ്റ്റര്‍ ഇല്ലായിരുന്നു. അതിനാല്‍ ഞങ്ങള്‍ തന്നെയാണ് എല്ലാം ക്രമീകരിച്ചത്. സ്റ്റണ്ടിനിടെ എനിക്കു വില്ലന്റെ കൈയില്‍ നിന്ന് കുറച്ച് ഇടി കിട്ടി. അതു കാമറയില്‍ പതിഞ്ഞിരുന്നു. എന്നെ ചവിട്ടി നിലത്തിടുന്ന ഒരു സീനുണ്ടായിരുന്നു. നിലത്ത് ആദ്യം ബെഡ് വച്ചിരുന്നു. പക്ഷേ, പിന്നീടതു മാറ്റിയതു ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെ നിലത്തുവീണു. കുറച്ചു പോറലൊക്കെ പറ്റി.

ഈ സിനിമയിലെ പാട്ടുകളെക്കുറിച്ച്…?

രണ്ടു പാട്ടുകളാണു സിനിമയില്‍. സംഗീതം വിഷ്ണു മോഹന്‍സിത്താര. പ്രസിദ്ധ സംഗീത സംവിധായകന്‍ മോഹന്‍ സിത്താര സാറിന്റെ മകനാണ്. വെയില്‍ച്ചില്ല പൂക്കും നാളില്‍ പോലെയുള്ള പാട്ടുകളില്‍ പ്രവര്‍ത്തിച്ച യുവസംഗീത സംവിധായകനാണ് വിഷ്ണു.

പോളേട്ടന്റെ വീടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍..?

വിശ്വാസം അതല്ലേ എല്ലാം എന്ന സിനിമയുടെ കാമറ ചെയ്ത രജീഷ് രാമനാണ് ഇതിന്റെ ഛായാഗ്രഹണം. ലാലേട്ടന്റെ സ്പിരിറ്റ് എന്ന ചിത്രത്തിന്റെ എഡിറ്റര്‍ സന്ദീപാണ് ഈ സിനിമയുടെ എഡിറ്റര്‍.

സിനിമകള്‍ കാണാറുണ്ടോ..?

സിനിമകള്‍ കാണുന്നതു വളരെ അപൂര്‍വമായിരുന്നു. പക്ഷേ, ഇപ്പോള്‍ മിക്ക സിനിമകളും കാണാറുണ്ട്. പൃഥ്വിരാജിന്റെയൊക്കെ ആക്ടിംഗ് നന്നായി ശ്രദ്ധിക്കാറുണ്ട്. അതില്‍ നിന്നൊക്കെ ഏറെ പഠിക്കാനുണ്ട്.

രാഷ്്ട്രീയത്തില്‍ ഒരു കൈ നോക്കുമോ..?

മക്കള്‍ പഠിച്ചു നല്ല ഒരു നിലയിലെത്തണമെന്നാണ് ഏതൊരു മാതാപിതാക്കളെയുംപോലെ എന്റെ വീട്ടുകാരുടെയും ആഗ്രഹം. പക്ഷേ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്ന അച്ഛന്റെ മകനായതുകൊണ്ടുതന്നെ സിനിമയും പൊളിറ്റിക്‌സും തന്നെയാണ് എനിക്കു താത്പര്യം. സമയമാകുമ്പോള്‍ പൊളിറ്റിക്‌സില്‍ അച്ഛന്റെ പിന്‍ഗാമിയായി വരാന്‍ സാധ്യതയുണ്ട്. അച്ഛന്‍ എല്ലാ കാര്യങ്ങളിലും സപ്പോര്‍ട്ടാണ്.

വീട്ടുവിശേഷങ്ങള്‍…?
Amal_unnithan03
അമ്മ സുധാകുമാരി. രണ്ടു ചേട്ടന്മാരുണ്ട്. മൂത്ത ജ്യേഷ്ഠന്‍ അഖില്‍ ഉണ്ണിത്താന്‍ വിവാഹിതനാണ്. കുവൈറ്റില്‍ വര്‍ക്ക് ചെയ്യുന്നു. രണ്ടാമത്തെയാള്‍ അതുല്‍ ഉണ്ണിത്താന്‍ അയര്‍ലന്‍ഡില്‍ എംബിഎ ചെയ്തശേഷം ഇപ്പോള്‍ നാട്ടിലുണ്ട്. 25 വര്‍ഷമായി ഞങ്ങള്‍ തിരുവനന്തപുരത്തു സ്ഥിരതാമസമാണ്.

ടി.ജി.ബൈജുനാഥ്‌

Related posts