തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്ത മുസ്‌ലിം പേരുള്ളവരെ ജിഹാദികളെന്ന് ആക്ഷേപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍. ‘എന്റെ വോട്ട് ബി.ജെ.പിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്’ എന്ന് ബി.ജെ.പിയുടെ പതാകയുടെ ചിത്രസഹിതമുള്ള ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് കമന്റ് ചെയ്ത മുസ്ലിം നാമധാരികളെ മൊത്തം ജിഹാദികളാക്കി അമലിന്റെ കമന്റുകള്‍. തന്റെ അച്ഛന്‍ അഴിമതിക്കാരുടെ അടിമയാണെന്നും കമന്റില്‍ അമല്‍ ആരോപിക്കുകയുണ്ടായി.
പോസ്റ്റിനെ തുടര്‍ന്ന് വിമര്‍ശനങ്ങളുമായി നിരവധി കോണ്‍ഗ്രസുകാരാണ് അമലിന്റെ പോസ്റ്റില്‍ കമന്റ് ചെയ്തത്. എന്നാല്‍ അവരെ രൂക്ഷഭാഷയില്‍ തെറി വിളിക്കുകയും മുസ്‌ലിം പേരുള്ളവരെ ജിഹാദികളെന്ന് വിളിക്കുകയുമാണ് അമല്‍ ചെയ്തത്. അതിനിടെ രാജ്‌മോഹന്‍ ഉണ്ണിത്താനെക്കുറിച്ച് പറഞ്ഞ ഒരാളോട് തന്റെ അച്ഛന്‍ അഴിമതിക്കാരുടെ അടിമയാണെന്നും അമല്‍ മറുപടി പറഞ്ഞു.
‘ബ്രൊ, എന്റെ അച്ഛന്‍ 48 വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ അടിമയാണ്. ഇപ്പോ പ്രതികരിക്കാനുള്ള സമയമാണ്.’ അമല്‍ കുറിച്ചു.