എന്റെ സൂര്യപുത്രി, ഉള്ളടക്കം എന്നീ രണ്ട് ചിത്രങ്ങളിലൂടെ മലയാളി ഹൃദയം കീഴടക്കിയ നായികയാണ് അമല അക്കിനേനി. രണ്ട് പതിറ്റാണ്ടുകളുടെ ഇടവേള കഴിഞ്ഞ് കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അമല തിരിച്ചെത്തി.
24 വർഷത്തിന് ശേഷം അഭിനയിക്കുന്പോൾ എന്തുകൊണ്ട് കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രം തിരഞ്ഞെടുത്തു എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് എന്റെ പ്രായത്തിലുള്ള നായികമാർക്ക് ഇത്രയും നല്ല കഥാപാത്രങ്ങൾ ഇപ്പോൾ കിട്ടില്ല എന്ന് അമല പറഞ്ഞത്.
ചിത്രത്തിൽ അഡ്വ. ആനി ജോണ് തറവാടി എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും എന്റെ കഥാപാത്രവും വളരെ ഏറെ ഇഷ്ടപ്പെട്ടു. ആ കഥാപാത്രത്തിന്റെ പവറാണ് കെയർ ഓഫ് സൈറാ ബാനു എന്ന സിനിമ തിരഞ്ഞെടുക്കാൻ കാരണം.
അഡ്വക്കറ്റിന്റെ വേഷത്തിലാണ് എത്തുന്നത് എന്ന് പറഞ്ഞപ്പോൾ ആദ്യം ചെറിയ മടിയുണ്ടായിരുന്നു. മലയാള ഭാഷയുമായുള്ള എന്റെ എല്ലാ ബന്ധവും പോയിരുന്നു. അഡ്വക്കറ്റ് കഥാപാത്രമൊക്കെ പറയുന്പോൾ ശക്തമായ ഭാഷ ഉപയോഗിക്കണം. എനിക്കതിന് കഴിയുമോ എന്ന പേടിയുണ്ടായിരുന്നു.സംഭാഷണം പഠിപ്പിക്കാൻ ട്യൂട്ടറുണ്ടായിരുന്നു. ഓരോ വാക്കിന്റെയും അർഥം മനസിലാക്കിയാണ് ഡയലോഗുകൾ പഠിച്ചത്.
ആനി എന്ന കഥാപാത്രമാവാൻ വേണ്ടി സിറിയൻ ക്രിസ്ത്യാനിയായ എന്റെ സുഹൃത്തിനെ വിളിച്ച് കമ്മ്യൂണിറ്റി സംബന്ധമായ കാര്യങ്ങൾ പഠിച്ചു.ഇനിയും സിനിമകൾ ചെയ്യുന്നതിന് വിരോധമില്ല. പക്ഷെ അഡ്വക്കറ്റ് ആനി ജോണ് തറവാടിയെ പോലുള്ള ശക്തമായ കഥാപാത്രങ്ങൾ ആയിരിക്കണം എന്നുണ്ട്. എന്നെപ്പോലുള്ള നടിമാർക്ക് കിട്ടുന്നത് തിളക്കമില്ലാതെ, മിന്നിമായുന്ന ചെറിയ വേഷങ്ങളാണ്. കൗതുകമുണർത്തുന്ന ഇത്തരം കഥാപാത്രങ്ങൾ ലഭിച്ചാൽ ചെയ്യും- അമല പറഞ്ഞു.