കൊച്ചി: നടി അമല പോളിന്റെ കാർ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപണം. അമല പോൾ ഉപയോഗിക്കുന്ന മെഴ്സിഡസ് ബെൻസ് കാർ പോണ്ടിച്ചേരിയിലാണു രജിസ്റ്റർ ചെയ്തിട്ടുള്ളത്. പോണ്ടിച്ചേരിയിൽ ഒരു എൻജിനീയറിംഗ് വിദ്യാർഥിയുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ തനിക്ക് അമല പോളിനെ അറിയില്ലെന്ന് വിദ്യാർഥി പറഞ്ഞതായി ഒരു സ്വകാര്യ ചാനലിന്റെ അന്വേഷണത്തിൽ വെളിപ്പെട്ടു. സംഭവത്തോട് അമല പോളിന്റെ പ്രതികരണം അറിവായിട്ടില്ല.
പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ 20 ലക്ഷം രൂപയുടെ നികുതി നടി വെട്ടിച്ചതായാണ് സൂചന. കേരളത്തിലെ വാഹന നിയമം അനുസരിച്ച് അന്യസംസ്ഥാനത്തു നിന്നുള്ള കാർ ഇവിടെ ഓടിക്കുകയാണെങ്കിൽ ഒരു വർഷത്തിനുള്ളിൽ രജിസ്ട്രേഷൻ ഉടമയുടെ പേരിലേക്കു മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കുകയും ചെയ്യണം.
ഒരുവർഷം പൂർത്തിയാകുന്നതുവരെ വാഹനമോടിക്കാൻ 1500 രൂപയുടെ താത്കാലിക രജിസ്ട്രേഷൻ എടുത്താൽ മതിയാവും. രജിസ്ട്രേഷൻ മാറ്റാതെയോ മോട്ടോർ വാഹന വകുപ്പിന്റെ അനുമതി ലഭിക്കാതെയോ ഇത്തരം വാഹനം നിരത്തിലെത്തിയാൽ പിടിച്ചെടുക്കാനും പിഴ ഇടാക്കാനും വ്യവസ്ഥയുണ്ട്.
കഴിഞ്ഞദിവസം, എൽഡിഎഫ് ജനജാഗ്രത യാത്രയ്ക്കിടെ കൊടുവള്ളിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച, ഫൈസൽ കാരാട്ടിന്റെ മിനി കൂപ്പർ കാറിന് നിയമാനുസൃത റോഡ് നികുതി ഈടാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ വാഹനം റജിസ്റ്റർ ചെയ്തതിലൂടെ ഏകദേശം പത്ത് ലക്ഷം രൂപയോളം നികുതി വെട്ടിച്ചതായാണ് പരാതി.