തൃശൂർ: ക്രൈസ്തവ സഭയുടെ മേൽനോട്ടത്തിലുള്ള ആശുപത്രികൾ സാമൂഹ്യ പ്രതിബദ്ധതയോടെയാണ് സേവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് ലഭിച്ച എൻഎബിഎച്ച് അംഗീകാര സമർപ്പണം മുഖ്യമന്ത്രി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ ആശുപത്രികളിൽ അമിതമായ ചികിൽസാ നിരക്ക് ഈടാക്കുന്നതായി ആക്ഷേപങ്ങളുണ്ട്. എന്നാൽ ക്രൈസ്തവ സഭയുടെ ആശുപത്രികൾ ന്യായമായ ചികിൽസാ നിരക്കു മാത്രം ഈടാക്കുന്നതു സമൂഹത്തിന് ആശ്വാസകരമാണ്. ആരോഗ്യ രംഗത്തു കേരളം മഹത്തായ നേട്ടങ്ങൾ കൈവരിച്ചതിനു പിറകിൽ ഈ സ്ഥാപനങ്ങളുടെ സേവനങ്ങൾ വിസ്മരിക്കാനാവില്ലെന്നും പിണറായി പറഞ്ഞു.
മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ എന്നിവർ പങ്കെടുത്തു. ആധൂനികവത്കരിച്ച ഗാസ്ട്രോഎന്ററോളജി വിഭാഗത്തിന്േറയും പാലിയേറ്റീവ് കെയറിന്േറയും ഇ ബസ് സംവിധാനത്തിന്േറയും ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു.
സിഎംഐ സഭയുടെ പ്രിയോർ ജനറൽ റവ. ഡോ. പോൾ ആച്ചാണ്ടി അധ്യക്ഷത വഹിച്ചു. എൻഎബിഎച്ച് സീനിയർ ഡയറക്ടർ ഡോ. ഗായത്രി മഹേന്ദ്രു, പ്രോവിൻഷ്യാൾ ഫാ. വാൾട്ടർ തേലപ്പിള്ളി സിഎംഐ, പി.കെ. ബിജു എംപി, അനിൽ അക്കര എംഎൽഎ, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ജയചന്ദ്രൻ, അമല ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശേരി, ജോയിന്റ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ എന്നിവർ പ്രസംഗിച്ചു.