അമേരിക്കയിൽ നഴ്സായ മെറിൻ ജോയിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി അമല പോൾ.
കുറ്റവാളികളെ അനുകൂലിച്ചു കൊണ്ടുള്ള ചർച്ചകളിൽ ശക്തമായി പ്രതികരിച്ചാണ് അമല രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളെ നശിപ്പിക്കുന്ന ഒന്നാണെങ്കിൽ അതിന്റെ പേര് സ്നേഹമല്ല. സ്നേഹം കൊണ്ടല്ലേ…
എന്ന് പറയുന്പോൾ അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടം തിരിച്ചറിയണമെന്നും അമല സോഷ്യൽ മീഡിയയിൽ കുറിച്ചു. തന്റെ സുഹൃത്തുക്കളിലൊരാൾ എഴുതിയ കുറിപ്പ് പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം.
അമലയുടെ കുറിപ്പിങ്ങനെ…
മലയാളി നഴ്സ് ആയ മെറിൻ തന്റെ ഭർത്താവിനാൽ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. 17 തവണയാണ് അയാൾ മെറിനെ കുത്തിയത്. കൂടാതെ വാഹനവും ഓടിച്ച് കയറ്റി.
ആ കൊലപാതകത്തെക്കുറിച്ച് ഓർക്കുന്പോൾ തന്നെ ഭയം തോന്നുന്നു. എന്നാൽ ഈ വാർത്തയുടെ താഴെ വരുന്ന ആളുകളുടെ കമന്റുകളാണ് എന്നെ കൂടുതൽ ഭയപ്പെടുത്തുന്നത്. സ്നേഹമുള്ള വയലൻസ് എന്നാണ് എല്ലാവരും ഇതിനെ നോക്കി കാണുന്നത്. ടോക്സിക് ലൗവ്.
നിങ്ങളെ വേദനിപ്പിക്കുന്നൊരിടത്തേക്ക് ഒരിക്കലും മടങ്ങിപ്പോകരുത്. വിവാഹ ജീവിതമല്ലേ അൽപ്പമൊക്കെ അഡ്ജസ്റ്റ് ചെയ്യാനും ചിലതെല്ലാം ഒഴിവാക്കാനും ഇങ്ങനെയാണ് ജീവിതമെന്നൊക്കെ മറ്റുള്ളവർ ഉപദേശിച്ചേക്കും.
പക്ഷേ പോകരുത്. അവർ നിങ്ങളെ അപമാനിച്ചേക്കാം, വേശ്യയെന്നും പാപിയെന്നും വിളിക്കും. നിങ്ങൾ അങ്ങനെയല്ല. നിങ്ങളുടെ കരുത്തിനെ അവർ നാണംകെടുത്താൻ ശ്രമിക്കും. അതിൽ ഒരിക്കലും അപമാനിതരാകരുത്.
സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും ആക്രമിക്കുന്നുവെങ്കിൽ, അതും സ്നേഹമല്ല. വാക്കുകളേക്കാൾ പ്രവർത്തികളെ വിശ്വസിക്കുക. ആവർത്തിച്ചു നടത്തുന്ന അക്രമങ്ങൾ പറ്റിപ്പോയ അപകടമല്ല.
അത്തരം സാഹചര്യങ്ങളിൽ സുഹൃത്തുക്കളെയോ, കുടുംബത്തെയോ അറിയിക്കുക. സ്വന്തം കുട്ടിയെ അക്രമമല്ല സ്നേഹം എന്ന് പഠിപ്പിക്കുകയും ചെയ്യുക.