സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആക്രമണത്തിന് ഇരയാകുന്നവരാണ് സിനിമാ താരങ്ങൾ. ഇതിൽ തന്നെ ഏറ്റവും വിമർശനം നേരിടുന്നത് നടിമാരാണ്. കൂടുതലും വസ്ത്രത്തിന്റെ പേരിലാണ് നടിമാർ ട്രോൾ ചെയ്യപ്പെടുന്നത്. ഇറക്കം കുറഞ്ഞതോ ശരീരം കാണുന്നതോ ആയ വസ്ത്രം ധരിച്ചാൽ പിന്നാലെ സദാചാരവാദികൾ എത്തുകയായി. ദങ്കൽ താരം ഫാത്തിമ, ദീപിക പദുക്കോണ്‍ എന്നിവർക്കെതിരെയായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണമെങ്കിൽ ഇപ്പോൾ ഇര അമല പോളാണ്.
കഴിഞ്ഞ ദിവസം അമല ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് വിമർശനങ്ങൾ നിറയുന്നത്. എന്റെ ചുറ്റുമുള്ള തീയേക്കാൾ ശക്തമാണ് എന്റെ ഉള്ളിലെ തീ, അതുകൊണ്ടാണ് ഞാൻ തിളങ്ങുന്നതെന്ന കുറിപ്പോടെയായിരുന്നു ഫോട്ടോ. കറുത്ത ടോപ്പും ഷോർട്ട്സും ധരിച്ചതാണ് ചിത്രം. നടിയുടെ കാലുകൾ പൂർണമായും കാണാമെന്നതാണ് പ്രശ്നം. ഇത്രയും ചെറുത് വാങ്ങാനേ പൈസ ഉണ്ടായിരുന്നുള്ളെങ്കിൽ പൈസ തരാമെന്നാണ് വിമർശകരുടെ പ്രധാന കമന്റ്.നമ്മുടെ സംസ്കാരത്തിന് നിരക്കുന്നതല്ല ഈ വസ്ത്രമെന്നും ചിലർ പറഞ്ഞു. നിങ്ങൾ മലയാളികൾ ഏറെ സ്വീകരിച്ച നായികയാണ്, അത് കളയരുതെന്നും ചില അഭ്യുദയകാംക്ഷികൾ ഉപദേശിക്കുന്നുണ്ട്.