തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് അമല പോള്‍. ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്യുന്നതിലാണ് അമലയുടെ മികവ് എടുത്തു പറയേണ്ടത്.
ആടൈ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്ക് ആന്തോളജി ചിത്രമായ ‘പിറ്റ കതലു’ ആണ് അമലയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. നന്ദിനി റെഡ്ഡിയാണ് ആന്തോളജിയില്‍ അമല അഭിനയിക്കുന്ന ‘മീര’ എന്ന സെഗ്മെന്റ് സംവിധാനം ചെയ്തിരിക്കുന്നത്.
പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിനിടെ വിവാഹമോചന സമയത്ത് താന്‍ കടന്നുപോയ പ്രശ്‌നങ്ങളെ കുറിച്ച് മനസ്സു തുറക്കുകയാണ് അമല. 2016ല്‍ ആയിരുന്നു സംവിധായകന്‍ എ എല്‍ വിജയ്യും അമലയും വിവാഹമോചനം നേടിയത്.
”യഥാര്‍ത്ഥ ലോകത്തിന്റെ പ്രതിഫലനമാണ് മീര എന്ന ചിത്രം. വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളിലൂടെ കടന്നു പോവുന്ന സ്ത്രീകള്‍ക്കുള്ള പിന്തുണാ സംവിധാനം ഏറെക്കുറെ നിലവിലില്ല എന്നു തന്നെ പറയാം.
ഞാന്‍ വേര്‍പിരിയലിലൂടെ കടന്നുപോയപ്പോള്‍, എന്നെ പിന്തുണയ്ക്കാന്‍ ആരും വന്നതായി എനിക്ക് ഓര്‍മ്മയില്ല. എല്ലാവരും എന്നില്‍ ഭയം വളര്‍ത്താന്‍ ശ്രമിച്ചു. ഞാന്‍ ഒരു പെണ്‍കുട്ടി മാത്രമാണെന്ന് അവര്‍ ഓര്‍മ്മപ്പെടുത്തി.
ഞാനൊരു വിജയിച്ച അഭിനേതാവായിട്ടു കൂടി ഒരു പുരുഷന്‍ എനിക്കൊപ്പം ഇല്ലെങ്കില്‍ ഞാന്‍ ഭയപ്പെടണമെന്ന് എന്നോട് അവര്‍ പറഞ്ഞു. എന്റെ കരിയര്‍ താളം തെറ്റുമെന്നും സമൂഹം എന്നെ പുച്ഛിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. ആരും എന്റെ സന്തോഷമോ മാനസിക ആരോഗ്യമോ മുഖവിലയ്ക്ക് എടുത്തില്ല, അതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതുമില്ല.” അമല പറയുന്നു.
ആ ഉപദേശങ്ങളും താക്കീതും കേട്ട് എല്ലാവരെയും പോലെ ജീവിതത്തില്‍ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടുപോവാന്‍ താന്‍ തയ്യാറായിരുന്നില്ല എന്നും അമല പറയുന്നു. ”എങ്ങനെയാവണമെന്ന് ഞാന്‍ തീരുമാനിക്കുന്നതാണ് എന്റെ ജീവിതം.
മോശമായ ഒരു ബന്ധത്തിനോട് സമരസപ്പെട്ടുപോവാന്‍ മറ്റൊരു സ്ത്രീയ്ക്ക് മുന്നില്‍ ഉദാഹരണമായി എന്റെ പേര് വരരുതെന്ന് ഞാനാഗ്രഹിച്ചു. എല്ലാം ഒടുവില്‍ ശരിയാകുമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ഒന്നും ശരിയാകുന്നില്ല എന്നതാണ് സത്യം. എല്ലാവരും ഒരു ഷോ അവതരിപ്പിക്കുകയാണ്, വ്യാജമാണത്. അതുപോലെയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”
നെറ്റ് ഫ്‌ളിക്‌സില്‍ ഏറെ ശ്രദ്ധ നേടിയ ‘ലസ്റ്റ് സ്റ്റോറീസി’ന്റെ തെലുങ്ക് റീമേക്ക് ആണ് ചിത്രം. കാമത്തിന്റെയും ആസക്തികളുടെയും സ്ത്രീ ലൈംഗികതയുടെയും കഥ പറഞ്ഞ ‘ലസ്റ്റ് സ്റ്റോറീസി’ല്‍ കെയ്‌റ അദ്വാനി ചെയ്ത കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
മലയാള സിനിമയിലൂടെയാണ് അമല പോള്‍ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതല്‍ തിളങ്ങിയത്. 2009 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം.
അതില്‍ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴില്‍ രണ്ടു സിനിമകള്‍ ചെയ്തുവെങ്കിലും വിജയിച്ചില്ല. 2010 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറില്‍ വഴിത്തിരിവായത്.
ചിത്രം വന്‍ ഹിറ്റാവുകയും തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുളള പുരസ്‌കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളില്‍ അഭിനയിച്ചു.