അമലാപോള്‍ താമസിക്കുന്നത് ടോയ്‌ലറ്റ് പോലുമില്ലാത്ത ഒറ്റമുറി വീട്ടില്‍; ഒരു ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പോളിസി പണമില്ലാത്തതിനാല്‍ മുടങ്ങി; കേരളത്തിലെ സിനിമാതാരങ്ങളുടെ കുരുട്ടുബുദ്ധി കണ്ട് കണ്ണു തള്ളി മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം: മലയാള സിനിമാതാരങ്ങളുടെ വാഹനനികുതി വെട്ടിപ്പ് അന്വേഷിക്കുന്ന മോട്ടോര്‍വകുപ്പിന്റെ കണ്ണു തള്ളിക്കുന്നതാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന വിവരങ്ങള്‍. നടി അമലാപോളാണ് അതില്‍ പ്രധാന താരം. അമലയുടെആഡംബരക്കാറിന്റെ റജിസ്‌ട്രേഷനുള്ള രേഖകള്‍ പ്രകാരം, പുതുച്ചേരി തിലാസ്‌പേട്ട് സെന്റ് തെരേസാസ് സ്ട്രീറ്റില്‍ ആറാം നമ്പര്‍ വീടാണ് നടിയുടേത്. ഒരു വര്‍ഷമായി ഇവിടെ താമസിക്കുന്നുവെന്ന് അവര്‍ പുതുച്ചേരി മോട്ടോര്‍വാഹന വകുപ്പിനു സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇതുപോലെ തന്നെയാണ് മറ്റുള്ള താരങ്ങളും വ്യവസായികളും തട്ടിപ്പുകള്‍ നടത്തുന്നത്.

താരങ്ങളുടെ കള്ളക്കളി പൊളിക്കാന്‍ കേരളത്തില്‍നിന്നു പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കു കെട്ടിടയുടമ മൂന്നാം നിലയിലെ അമലയുടെ ‘അപ്പാര്‍ട്ട്‌മെന്റ്’ കാണിച്ചുകൊടുത്തു. ടെറസിന്റെ മൂലയിലെ ഒറ്റമുറി. അകത്തു ശുചിമുറി പോലുമില്ല. ഇപ്പോള്‍ താമസം പുതുച്ചേരിയിലാണെന്നു കാണിക്കാന്‍ ഈ മുറി വിലാസമാക്കി എടുത്ത ഇന്‍ഷുറന്‍സ് പോളിസി രേഖയാണു നല്‍കിയത്. ഒരു ലക്ഷം രൂപയുടെ പോളിസി എടുത്ത നടി ആകെ 860 രൂപയാണ് അടച്ചത്. പിന്നെ പണമില്ലാത്തതു കൊണ്ട് പോളിസി അടയ്ക്കാന്‍ നടിക്കു കഴിഞ്ഞില്ല എന്നാണ് സാക്ഷ്യം. അങ്ങനെ തട്ടിപ്പിലൂടെ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടി.

തട്ടിപ്പുകാരുടെ സ്ഥിരം പരിപാടിയാണ് ഇത്തരം ഇന്‍ഷുറന്‍സ് പോളിസികള്‍. ഒരു ലക്ഷത്തിന്റെ പോളിസി എടുത്തശേഷം ഒരു ഗഡു അടയ്ക്കും. പിന്നെ അത് മുടങ്ങും. ചരക്ക്, സേവന നികുതി റജിസ്‌ട്രേഷന്‍ ഉപയോഗിച്ചാണു മറ്റു ചിലരുടെ തട്ടിപ്പ്. പുതുച്ചേരി തിലാസ്‌പേട്ടിലെ തന്നെ പുതുപ്പെട്ട് സെക്കന്‍ഡ് ക്രോസ് 16ല്‍ ആണ് നടന്‍ ഫഹസ് ഫാസിലിന്റെ ‘വീട്’. രണ്ടുവര്‍ഷമായി താന്‍ ഇവിടെ താമസിക്കുന്നുവെന്നാണു ഫഹദിന്റെ സത്യവാങ്മൂലം. എന്നാല്‍, നഗറിന്റെ പേരില്ലാത്തതിനാല്‍ വീട് കണ്ടുപിടിക്കാനാകില്ലെന്നു തദ്ദേശവാസികള്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. അന്വേഷണത്തില്‍, മുരുകേശന്‍ നഗറിലും ടഗോര്‍ നഗറിലും ഈ വിലാസം കണ്ടെത്തി.

മുരുകേശന്‍ നഗറിലെ വീട്ടില്‍ തദ്ദേശവാസിയായ ഫെഡറിക്കും കുടുംബവുമാണു പത്തുവര്‍ഷമായി താമസിക്കുന്നത്. മാത്രമല്ല, ഇതേ വിലാസം ഉപയോഗിച്ചു ചങ്ങനാശേരി കളപ്പുറത്തു ഹൗസില്‍ ടോമി തോമസും കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അങ്ങനെ ഈ വീട്ടില്‍ രണ്ട് കാര്‍. ടഗോര്‍ നഗറിലെ വീട് കണ്ടെത്തിയെങ്കിലും ഫഹദിനെക്കുറിച്ച് ആര്‍ക്കും അറിയില്ല. കോട്ടയം എംഎല്‍ റോഡിലെ കെ.ജാസ്മിനും ഈ വിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നടന്‍ സുരേഷ് ഗോപി കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹാജരാക്കിയ വിലാസത്തിലുള്ള വീടും പരിശോധിച്ചു. എല്ലപിള്ളൈ ചാവടി ഫീറ്റ് റോഡിലെ കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റില്‍ പോയപ്പോള്‍ അത് അടഞ്ഞുകിടക്കുന്നു. അന്വേഷണത്തില്‍ വെങ്കിടേഷ് എന്നയാളാണ് വര്‍ഷങ്ങളായി അവിടെ താമസിക്കുന്നത് എന്ന് തെളിഞ്ഞു.

 

Related posts