സിനിമാരംഗത്തെ സ്ത്രീകളുടെ അവസ്ഥ പൊതുവേ എല്ലാവരും വിചാരിച്ചു വച്ചിരിക്കുന്നതുപോലെയല്ലെന്നും നിരന്തരം ഭീഷണികളും പ്രലോഭനങ്ങളും അധിക്ഷേപങ്ങളും കണ്ടും കേട്ടുമാണ് തങ്ങള്‍ ജീവിക്കുന്നതെന്നുമൊക്കെയാണ് അടുത്തിടെ വെളിപ്പെടുത്തലുകളുമായി എത്തിയ സിനിമാക്കാരായ സ്ത്രീകള്‍ പറഞ്ഞത്.
എന്നാല്‍ സിനിമാരംഗത്ത് ചില സ്ത്രീകള്‍ക്ക് ചൂഷണം നേരിടേണ്ടി വരുന്നത് തക്ക സമയത്ത് പ്രതികരിക്കാനുള്ള മനോബലം ഇല്ലാത്തതു കൊണ്ടാണെന്നാണ് നടി അമലാ പോള്‍ പറയുന്നത്.
അമലയുടെ വാക്കുകളിങ്ങനെ…എന്റെ കാര്യത്തില്‍ സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. സിനിമയിലല്ല ഏതു മേഖലയിലാണെങ്കിലും പെണ്‍കുട്ടികള്‍ ദുര്‍ബലരായി പോയാല്‍ പലതരം ചൂഷണങ്ങളെയും നേരിടേണ്ടി വരും. ശക്തമായ അഭിപ്രായങ്ങളും തീരുമാനങ്ങളും ഏതൊരു പെണ്‍കുട്ടിക്കും അത്യാവശ്യമാണ്.
പിന്നെ ഗോസിപ്പുകളുടെ കാര്യം അവയെ ഈ ഫീല്‍ഡില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നമുക്ക് സാധിക്കില്ല. അവയെല്ലാം നമ്മുടെ ജോലിയുടെ ഭാഗമായി മാറിയിരിക്കുകയാണ്. തൊട്ടാവാടികള്‍ക്കും ദുര്‍ബല മനസ്കര്‍ക്കും പറഞ്ഞിട്ടുള്ളതല്ല സിനിമയെന്ന് ഞാന്‍ പറഞ്ഞില്ലേ. അതു തന്നെയാണ് കാരണം. വളരെ കൂളായി ഇതിനോടൊക്കെ പൊരുതി നില്‍ക്കണം.
ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നടിച്ചത്. എന്തും തുറന്ന് പറയുന്നത് എന്റെ ശീലമാണ്. മനസ്സില്‍ ഒന്ന് വെച്ചിട്ട് പുറമേ മറ്റൊന്ന് പെരുമാറാന്‍ എനിക്ക് സാധിക്കില്ല. പക്ഷേ ഏതു ഗ്യാംഗിലെത്തിയാലും ഞാന്‍ അവരുമായി പെട്ടെന്ന് കമ്പനിയിലാകും. ഇന്ന് ഞാന്‍ നേടിയതൊക്കെ ദൈവം തന്ന സമ്മാനമാണെന്നും അമല പറഞ്ഞു.