
നടി അമലാ പോള്‍ വിവാഹിതയായെന്ന് സൂചന. സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്‌നിന്ദര്‍ സിങിനെയാണ് അമല വിവാഹം കഴിച്ചത് എന്നും വിവരമുണ്ട്.

ഭവ്‌നിന്ദര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ചാവിഷയമായത്. ”ത്രോബാക്ക്” എന്ന ഹാഷ്ടാഗോടെയാണ് ഭവ്നിന്ദര്‍, അമലയുമൊത്തുള്ള വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹമെന്നാണ് സൂചനകള്‍. നിരവധി പേര്‍ ഇവര്‍ക്ക് വിവാഹാശംസകളും നേര്‍ന്നിട്ടുണ്ട്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ കാണുന്നത്.

ഇതിനു മുമ്പും ഭവ്നിന്ദറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും അമലയുമൊത്തുളള ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തായിരുന്നു.
ഏറെ നാളായി ഇവര്‍ സൗഹൃദത്തിലായിരുന്നു. ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അമല പോള്‍ തുറന്നുപറഞ്ഞിരുന്നു.
സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അയാളുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും ‘ആടൈ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നുവെന്നും അമല പറഞ്ഞു. സിനിമയുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും അമല പറഞ്ഞിരുന്നു.
അമലയുടെ രണ്ടാം വിവാഹമാണിത്. തമിഴ് സംവിധായന്‍ എ. എല്‍ വിജയ് ആണ് അമലയുടെ ആദ്യ ഭര്‍ത്താവ്. ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം 2014ല്‍ വിവാഹം കഴിച്ച ഇവര്‍ മൂന്നുവര്‍ഷത്തിനു ശേഷം വേര്‍പിരിയുകയായിരുന്നു.