മീടു അവസാനിക്കുന്നില്ല! ദ്വയാര്‍ത്ഥത്തില്‍ സംസാരിക്കുകയും മോശം രീതിയില്‍ സ്പര്‍ശിക്കുകയും ചെയ്തു; സംവിധായകന്‍ സൂസി ഗണേശനെതിരെ ലൈംഗികാതിക്രമ പരാതിയുമായി നടി അമല പോള്‍ രംഗത്ത്

മീ ടൂ കാമ്പയിനില്‍ വെളിപ്പെടുത്തലുമായി നടി അമല പോളും. തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരേ സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകയും കവിയുമായ ലീന മണിമേഖല ഉയര്‍ത്തിയ ലൈംഗികാതിക്രമ പരാതിയെ പിന്തുണച്ച് രംഗത്തു വന്നാണ് അമല പോള്‍ തനിക്ക് നേരിട്ട അനുഭവവും പങ്കുവച്ചത്.

ലീന മണിമേഖലയുടെ പരാതി വ്യാജമാണെന്ന് പറഞ്ഞു സൂസി ഗണേശന്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ സൂസി ഗണേശനില്‍ നിന്നും തനിക്കും മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ അമലാ പോള്‍ പറഞ്ഞിരിക്കുന്നത്.

തിരുട്ടുപയലെ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് സംവിധായകനായിരുന്ന സൂസി ഗേണശനില്‍ നിന്നും മോശം അനുഭവം ഉണ്ടായതെന്ന് അമല പറയുന്നു. ദ്വയാര്‍ത്ഥം വരുന്ന തരത്തില്‍ സംവിധായകന്‍ തന്നോട് സംസാരിക്കുകയും മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നും അമല പോള്‍ പറഞ്ഞു.

താന്‍ ലീന മണിമേഖലയെ പൂര്‍ണമായി പിന്തുണയ്ക്കുകയാണെന്നും ലീന പറഞ്ഞകാര്യങ്ങള്‍ തനിക്ക് മനസിലാക്കാന്‍ കവിയുമെന്നും അമല പറയുന്നുണ്ട്. സൂസി ഗണേശന്‍ സ്ത്രീകളോട് ഒട്ടും ബഹുമാനം കാണിക്കാത്തയാളും മൂല്യങ്ങള്‍ ഇല്ലാത്ത വ്യക്തിയാണെന്നും അമല കുറ്റപ്പെടുത്തുന്നു. തിരുട്ടുപയലേ 2 ന്റെ ചിത്രീകരണ സമയത്ത് തനിക്ക് വളരെയേറെ മാനസികവേദന ഏല്‍ക്കേണ്ടി വന്നതാണെന്നും അമല പോള്‍ ലീന മണിമേഖലയുടെ പരാതികളെ പിന്തുണച്ചു കൊണ്ട് വെളിപ്പെടുത്തുന്നു. ട്വിറ്ററിലൂടെയായിരുന്നു അമലയുടെ പ്രതികരണം.

സിനിമയില്‍ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരകളാകാറുണ്ടെന്നാണ് അമല ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തില്‍ പെരുമാറുന്ന പുരുഷന്മാര്‍ സ്വന്തം വീടുകളില്‍ ഭാര്യയോടും മകളോടും പെരുമാറുന്നത് പോലയല്ല, തൊഴില്‍ ഇടത്തില്‍ വന്നാല്‍ കാണിക്കുന്നത്.

അവിടെ തന്റെ സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ക്കുമേല്‍ ആധിപത്യം കാണിക്കാനുള്ള ഒരു അവസരവും നഷ്ടമാക്കില്ല. ഭരണകൂടവും നിയമ വ്യവസ്ഥയും വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അമലപോള്‍ തന്റെ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്.

13 വര്‍ഷങ്ങള്‍ക്കു മുമ്പ് സൂസി ഗണേശനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാത്രികമത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് ലീന മണിമേഖല വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു വര്‍ഷം മുമ്പ് ഫേസ്ബുക്കിലൂടെ ഈ അനുഭവം ലീന മണിമേഖല പങ്കു വെച്ചിരുന്നെങ്കിലും അന്നു കുറ്റാരോപിതന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല.

ലോകമെമ്പാടും നടക്കുന്ന ‘മീ ടൂ’ വെളിപ്പെടുത്തലുകളും മലയാള സിനിമയിലെ വനിതാസംഘടനയായ ഡബ്ല്യു.സി.സി.യുടെ ശക്തമായ നിലപാടുമാണ് ഇപ്പോള്‍ വ്യക്തിയുടെ പുറത്തുപറയാന്‍ തനിക്ക് ആത്മവിശ്വാസം നല്‍കിയതെന്നാണ് ലീന വ്യക്തമാക്കിയത്.

Related posts