കൊച്ചി: പുതുച്ചേരിയിൽ ആഡംബര കാർ രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്ന കേസിൽ നടി അമലാ പോൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മുന്പാകെ ഹാജരായി മൊഴി നൽകി. എസ്പി കെ.വി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ചയാണു മൊഴി രേഖപ്പെടുത്തിയത്.
ആവശ്യപ്പെടുന്പോൾ വീണ്ടും ഹാജരാകണമെന്ന് അന്വേഷണസംഘം നിർദേശിച്ചിട്ടുണ്ട്. ഹൈക്കോടതി നേരത്തെ അമലാ പോളിനു മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.കഴിഞ്ഞ ഓഗസ്റ്റിലാണ് അമല 1.12 കോടി വിലയുള്ള ബെൻസ് എസ് ക്ലാസ് കാർ വാങ്ങിയത്. ചെന്നൈയിൽനിന്നു വാങ്ങിയ കാർ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തു കൊച്ചിയിൽ ഉപയോഗിക്കുകയായിരുന്നു.
കേരളത്തിൽ കാർ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടിയിരുന്നു. പുതുച്ചേരിയിൽ നികുതി കുറവായതിനാൽ 1.25 ലക്ഷം രൂപയാണ് അടച്ചത്. അവിടെ വാഹനം രജിസ്റ്റർ ചെയ്യണമെങ്കിൽ സ്ഥിരം താമസക്കാരിയായിരിക്കണമെന്നു വ്യവസ്ഥയുണ്ട്. അതിനായി മുൻപരിചയമില്ലാത്ത എൻജിനിയറിംഗ് വിദ്യാർഥിയുടെ മേൽവിലാസത്തിലാണു രജിസ്ട്രേഷൻ നടത്തിയതെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
അമല പോളിൽനിന്നു മൊഴിയെടുക്കുക മാത്രമാണു ചെയ്തതെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും എസ്പി കെ.വി. സന്തോഷ് പറഞ്ഞു. അന്വേഷണസംഘത്തിലുള്ള തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി ജോഷി ചെറിയാനും മൊഴിയെടുക്കാനെത്തിയിരുന്നു.