തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികമാരിലൊരാളാണ് അമല പോള്‍. മികച്ച നടി എന്നതിനു പുറമെ ബോള്‍ഡായ വ്യക്തിത്വം കൊണ്ടും അമല ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ സിനിമകളിലൂടെ അമല പോള്‍ എന്നും ആരാധകരുടെ കൈയടി സ്വന്തമാക്കാറുണ്ട്. തെലുങ്ക് ആന്തോളജി ചിത്രത്തില്‍ മീര എന്ന കഥയിലാണ് അമല ഇപ്പോള്‍ അഭിനയിക്കുന്നത്.
ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ചും ആ സമയത്തെ തന്റെ മാനസികാവസ്ഥയെക്കുറിച്ചും അമല മനസ് തുറന്നിരിക്കുന്നു. പുതിയ ചിത്രത്തിന്റെ പ്രമോഷന് പരിപാടിക്കിടെയായിരുന്നു അമല മനസ് തുറന്നത്. സംവിധായകന് എ.എല്‍. വിജയ് ആണ് അമലയുടെ മുന്‍ ഭര്‍ത്താവ്. ഇരുവരും 2016ല്‍ വിവാഹമോചിതരായിരുന്നു.
യഥാര്‍ഥ ജീവിതത്തിന്റെ പ്രതിഫലനമാണ് മീര. വിവാഹജീവിതത്തിലെ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീക്ക് പിന്തുണ നല്‍കുന്നൊരു സംവിധാനം നിലവിലില്ല. ഞാന്‍ വേര്‍പിരിയലിലൂടെ കടന്നു പോയപ്പോള്‍ എന്നെ പിന്തുണയ്ക്കാന്‍ ആരും വന്നതായി എനിക്കോര്‍മയില്ല. എല്ലാവരും എന്നില്‍ ഭയം വളര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.
ഞാന്‍ ഒരു പെണ്‍കുട്ടി മാത്രമാണെന്ന് ഓര്‍മപ്പെടുത്തി. വിജയം കൈവരിച്ചൊരു അഭിനേതാവ് കൂടിയായിട്ടു കൂടി ഒരു പുരുഷന് എനിക്കൊപ്പം ഇല്ലെങ്കില്‍ ഞാന്‍ ഭയപ്പെടണമെന്ന് അവര്‍ പറഞ്ഞു. എന്റെ കരിയര്‍ താളം തെറ്റുമെന്നും സമൂഹം പുച്ഛത്തോടെ നോക്കുമെന്നും മുന്നറിയിപ്പു നല്കി.
ആരും എന്റെ സന്തോഷമോ മാനസികാരോഗ്യമോ കണക്കിലെടുത്തില്ല, അതിനെക്കുറിച്ച് ആശങ്കപ്പെട്ടതുമില്ല. എന്നാല്‍ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകാന്‍ താന്‍ തയാറായിരുന്നില്ല. എങ്ങനെയാകണമെന്ന് ഞാന്‍ തീരുമാനിക്കുന്നതാണ് എന്റെ ജീവിതം. മോശമായ ഒരു ബന്ധത്തോട് അഡ്ജസ്റ്റ് ചെയ്യാന്‍ മറ്റൊരു സ്ത്രീക്ക് മുന്നിലുള്ള മാതൃകയായി എന്റെ പേര് വരരുതെന്ന് ഞാന്‍ ആഗ്രഹിച്ചു.
എല്ലാം ഒടുവില്‍ ശരിയാകുമെന്നൊന്നും ഞാന്‍ പറയില്ല. ആകുന്നില്ല എന്നതാണ് സത്യം. എല്ലാവരും ഒരു ഷോ അവതരിപ്പിക്കുകയാണ്. വ്യാജമാണത്. എന്നാല്‍ ഞാന്‍ അതുപോലെയാകാന്‍ ആഗ്രഹിക്കുന്നില്ല- അമല പറഞ്ഞു.