പിതാവിന്റെ ഗാനം പാടി മകൾ സിനിമാ ഗായികയായി. എസ്. ജാനകി ആലപിച്ച , “പത്തു കല്പ്പനകൾ” എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗാനരചയിതാവ് റോയി പുറമഠത്തിന്റെ ഗാനം പാടിയാണ് മകൾ അമല റോയ് സിനിമാ ഗാന മേഖലയിലേക്ക് കടന്നു വന്നത്. മമ്മി സെഞ്ച്വറി നിർമിച്ച് ജോണി ആഡംസ് സംവിധാനം ചെയ്യുന്ന “ഹാപ്പി ക്രിസ്മസ്” എന്ന ചിത്രത്തിലാണ് പിതാവായ റോയിയുടെ ഗാനം പാടി മകൾ അമല റോയ് ശ്രദ്ധേയയായത്.
“നിശാഗന്ധി പൂത്തു” എന്നു തുടങ്ങുന്ന ഹാപ്പി ക്രിസ്മസിലെ ഗാനം ഇതിനോടകം ഹിറ്റായി മാറിക്കഴിഞ്ഞു. ഒരു ഗാനം കൂടി ചിത്രത്തിൽ അമല റോയ് ആലപിച്ചിട്ടുണ്ട്. സേക്രട്ട്ഹാർട്ട് കോളേജിൽ ബിരുദ വിദ്യാർത്ഥിനിയായ അമല “പത്തു കല്പ്പനകൾ” എന്ന ചിത്രത്തിൽ എസ്. ജാനകിയ്ക്കും ശ്രേയാ ഘോഷാലിനും ട്രാക്ക് പാടി കൊണ്ടാണ് സിനിമാഗാന മേഖലയിലേക്ക് കടന്നു വന്നത്.
ആ ഗാനങ്ങളെല്ലാം ഹിറ്റുകളായി മാറിയതോടെ അമല റോയിക്കും നല്ലൊരു ഗായികയാകണമെന്ന ആഗ്രഹം ജനിച്ചു. ഇപ്പോൾ പിതാവ് എഴുതിയ ഗാനങ്ങളിലൂടെ തന്നെ, അമലയ്ക്ക് മികച്ചൊരു ഗായികയാകാൻ ഭാഗ്യം സിദ്ധിച്ചിരിക്കുന്നു. ഹരി വേണു ഗോപാലാണ് ഹാപ്പി ക്രിസ്മസിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത്.
കോപ്പയിലെ കൊടുങ്കാറ്റ് , “പത്തു കല്പ്പനകൾ”, ഒരു നുണക്കഥ തുടങ്ങി പതിനെട്ടോളം ചിത്രങ്ങൾക്ക് ഗാനം എഴുതിയ റോയ് പുറമഠം തന്നെയാണ് മകൾ അമലയുടെയും ഗുരു. റോയ് എഴുതിയ“ദി പ്രയർ” എന്ന ക്രിസ്തീയ ആൽബത്തിൽ, മൂന്നാം വയസിൽ കെ.ജി. മാർക്കോസിനോടൊപ്പം ഗാനം ആലപിച്ചുകൊണ്ടാണ് അമല ഗായികയായി മാറിയത്. ദേശീയ തലത്തിൽ നടന്ന ലളിത ഗാന മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമലയ്ക്ക് യേശു ദാസാണ് അവാർഡ് വിതരണം ചെയ്തത്. ഇനി യേശുദാസിനോപ്പം ഒരു ഗാനം ആലപിക്കണമെന്നതാണ് അമലയുടെ ആഗ്രഹം.
-അയ്മനം സാജൻ