ചെന്നൈ: വഞ്ചനക്കേസിൽ നടി അമല പോളിന്റെ മുൻ പങ്കാളി ഭവിന്ദർ സിംഗിന് അനുവദിച്ച ജാമ്യം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. അമല പോളിന്റെ ഹർജിയിലാണ് ജസ്റ്റിസ് സി.വി. കാർത്തികേയന്റെ ഉത്തരവ്.
ഭവിന്ദർ സിംഗും കുടുംബവും തന്റെ സ്വത്തും പണവും അപഹരിച്ചെന്നും, മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചെന്നും കാണിച്ച് അമല പോൾ നൽകിയ പരാതിയിൽ കഴിഞ്ഞവർഷം ഭവിന്ദർ സിംഗിനെ തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തിരുന്നു.
തങ്ങൾ ലിവിംഗ് ടുഗതറിൽ കഴിഞ്ഞിരുന്ന സമയത്തെ അടുപ്പം മുതലെടുത്താണ് തന്നെ വഞ്ചിച്ചതെന്നായിരുന്നു താരത്തിന്റെ പരാതി. ഭവിന്ദർ സിംഗിന് വിഴുപുരത്തെ മജിസ്ട്രേറ്റ് കോടതി ജാമ്യമനുവദിച്ചു. അതിനെ ചോദ്യംചെയ്ത് അമല പോൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും അത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആദ്യ ഭർത്താവ് സംവിധായകൻ എ.എൽ. വിജയ്യുമായി ബന്ധം വേർ പിരിഞ്ഞശേഷമാണ് അമല പോൾ ഭവിന്ദറുമായി അടുത്തത്. പിന്നീട് ഇരുവരും വേർപിരിഞ്ഞു.
2023 നവംബറിൽ അമല പോൾ ഗുജറാത്ത് സൂറത്ത് സ്വദേശി ജഗത് ദേശായിയെ വിവാഹം കഴിച്ചു. കൊച്ചിയിലെ ബോൾഗാട്ടി പാലസിലായിരുന്നു ഇരുവരുടേയും വിവാഹം.