നടി അമലപോളുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന്റെ കാരണം താമസിക്കാതെ വെളിപ്പെടുത്തുമെന്ന് ഭര്‍ത്താവും സംവിധായകനുമായ എ.എല്‍. വിജയ്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയാണെങ്കിലും എല്ലാം കൃത്യമല്ലെന്നും വിജയ് മാധ്യമങ്ങള്‍ക്കയച്ച പത്രക്കുറിപ്പില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച്ച ഒരു തമിഴ് എഫ്എം റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അമലയുടെ ഭാഗത്തുനിന്നുണ്ടായ വിശ്വാസവഞ്ചന തുറന്നുപറയുമെന്ന് വിജയ് വെളിപ്പെടുത്തിയത്. പല സിനിമകളുടെയും ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അമല പലപ്പോഴും ഹോട്ടലുകളില്‍ മറ്റും താമസിക്കുന്നതും വീട്ടുകാരെ വിളിക്കാത്തതും വിജയിനെ ചൊടിപ്പിച്ചിരുന്നെന്നാണ് സൂചന.
വിജയ് മാധ്യമങ്ങള്‍ക്കയച്ച പത്രക്കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ- ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അറിയുന്നുണ്ട്. പക്ഷേ സ്വകാര്യ ജീവിതത്തെ പൊതുമധ്യത്തില്‍ കൊണ്ടുവരേണ്ടെന്നു കരുതിയാണു മിണ്ടാതിരുന്നത്. പക്ഷേ ഇതിനിടയില്‍ പിതാവ് അദ്ദേഹത്തിന്റെ മനസിലെ ആകുലതകളെല്ലാം ഒരു ചാനലിനോടു തുറന്നു പറഞ്ഞു. ഏതൊരച്ഛനെയും പോലെയേ അദ്ദേഹവും ചെയ്തുള്ളൂ. പക്ഷേ പിന്നീടുള്ള വാര്‍ത്തകളെല്ലാം അതിനെ കേന്ദ്രീകരിച്ചായി. തീര്‍ത്തും ദു:ഖകരമായ അവസ്ഥയാണിത്.
ഒമ്പതു ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഒരാളെന്ന നിലയില്‍ സമൂഹത്തോടുള്ള ബാധ്യതയെ കുറിച്ചെനിക്ക് വ്യക്തമായ ബോധ്യമുണ്ട്. കുലീനത്വവും ആത്മാഭിമാനവുമുള്ള പെണ്‍കഥാപാത്രങ്ങളാണ് എന്റെ ചിത്രത്തിലുള്ളത്. എന്റെ സിനിമകളില്‍ സ്ത്രീകളോടുള്ള എന്റെ നിലപാടുകള്‍ തന്നെയാണു വരച്ചുകാട്ടിയത്. സ്വാതന്ത്ര്യത്തോടെ ജീവിക്കേണ്ടവര്‍ തന്നെയാണു സ്ത്രീകളെന്ന നിലപാടിനെ എപ്പോഴും ശക്തമായി പിന്താങ്ങിയിരുന്നു. അമല സിനിമകളില്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എന്നെക്കൊണ്ടു കഴിയാവുന്ന വിധത്തിലെല്ലാം ഞാന്‍ പിന്തുണച്ചിരുന്നു. കല്യാണ ശേഷം സിനിമയില്‍ തുടര്‍ന്നതാണു വിവാഹബന്ധം തകരാറിലാക്കിയതെന്നും എന്റെ വീട്ടുകാര്‍ക്ക് അതിഷ്ടമില്ലായിരുന്നുവെന്നുമുള്ള അമലയുടെ വാദത്തില്‍ ഒട്ടും വാസ്തവമില്ലെന്നും വിജയ് പറയുന്നു.