അമല പോൾ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ആടൈ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വന്നതു മുതൽ ചിത്രത്തെ പറ്റിയുള്ള വിവാദങ്ങളും വിമർശനങ്ങളും ഉയർന്നു. ആടൈയുടെ ട്രെയിലറും ഇറങ്ങിയതോടെ വിവാദം കത്തിക്കയറി.
ആടൈ സിനിമ ഏറ്റെടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ അമല പോൾ വെളിപ്പെടുത്തിയിരുന്നു. സ്ത്രീപക്ഷ ചിത്രമെന്ന് പറഞ്ഞ് വന്നുകൊണ്ടിരുന്നതെല്ലാം വലിയ വലിയ നുണകളായിരുന്നു. പീഡിപ്പിക്കപ്പെട്ട സ്ത്രീ എങ്ങനെ കഷ്ടപ്പെട്ടു മുന്നേറുന്നു, അല്ലെങ്കിൽ ഒരു പെണ്ണ് ഭർത്താവിനെ പിന്തുണച്ച് ജീവിതത്തിൽ മുന്നേറുന്നു, അല്ലെങ്കിൽ ത്യാഗം സഹിക്കുന്ന അമ്മ- അങ്ങനെയുള്ള നുണകൾ മാത്രമാണ് സ്ത്രീപക്ഷ ചിത്രമെന്ന് പറഞ്ഞ് വന്നുകൊണ്ടിരുന്നത്.
ഒരു സിനിമാ ഇൻഡസ്ട്രിയിൽ നിൽക്കുന്പോൾ, ഒരു അഭിനേത്രി എന്ന നിലയിൽ ഇങ്ങനെ നുണകൾ പറയുന്ന സിനിമകളിൽ അഭിനയിക്കേണ്ടതില്ല എന്ന് ഞാൻ ആലോചിച്ചു തുടങ്ങി. മാനേജരോട് ഇക്കാര്യം പറയുകയും ചെയ്തു. അപ്പോഴാണ് ആടൈ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് വന്നത്.
ആദ്യം അതിന്റെ ചുരുക്കം മാത്രമാണ് വായിച്ചത്. വായിച്ചതും ഞാൻ ഞെട്ടിപ്പോയി. ഹോളിവുഡ്-ബോളിവുഡ് ചിത്രത്തെ വെല്ലുന്ന സിനിമ, തമിഴിലാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ഇംഗ്ലീഷ് സിനിമയുടെ റീമേക്ക് അല്ലല്ലോ എന്ന് വരെ ഞാൻ ചോദിച്ചിട്ടുണ്ട്. ആടൈ സിനിമ എനിക്കൊരു എനർജി തന്നു.
പലരും ചോദിച്ചു ഈ സിനിമ പരാജയപ്പെട്ടാലോ.. അത് ഏറ്റവും വലിയ തിരിച്ചടിയായിരിക്കില്ലേ എന്ന്. അത് ആര് കാര്യമാക്കുന്നു. ഒരു സിനിമയ്ക്ക് ഒരു ലക്ഷ്യസ്ഥാനമുണ്ട്. ഈ സിനിമ ഇങ്ങനെയാണ്- അമല പോൾ പറഞ്ഞു.