ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം പേരുകാരിയാണ് നടി അമലപോള്‍. സംവിധായകന് എ.എല്‍. വിജയുമായുള്ള വിവാഹജീവിതം തകര്‍ന്നതും സിനിമയില്‍ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടതും എന്തിനേറെ നടന് ധനുഷുമായുള്ള സൗഹൃദം വരെ പപ്പരാസികള്‍ ആഘോഷിച്ചു. ജീവിതത്തെ ആഘോഷമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച നടി ഇപ്പോള്‍ ആത്മീയ ജീവിതത്തിലേക്ക് വഴിതിരിയുകയാണെന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമല പോളിന്റെ ഹിമാലയം യാത്രയെ കുറിച്ച് പറഞ്ഞുകൊണ്ടാണ് നടി ആത്മീയതയിലേക്ക് മാറുന്നതായ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ദാമ്പത്യം തകര്‍ന്നശേഷം അമല നിരവധി യാത്രകള്‍ നടത്തിയിരുന്നു. ചില യാത്രകളില്‍ സുഹൃത്തുക്കളും സഹോദരനുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. പിന്നീട് യാത്രകള്‍ തനിച്ചാക്കി. ഋഷികേശിനെ കുറിച്ച് പഠിച്ച ശേഷമാണ് ഹിമാലയത്തിലേക്ക് പോകാന്‍ കൊതിച്ചത്. ആദ്യം ബന്ധുക്കള്‍ക്കൊപ്പം പോകാനായിരുന്നുവത്രെ തീരുമാനം. എന്നാല്‍ പിന്നീട് തനിച്ച് പോകാം എന്നുറപ്പിച്ചു. വീട്ടുകാരോട് പറയാതെയാണ് പോയത് എന്നും, പറഞ്ഞാല്‍ സമ്മതിക്കില്ല എന്നറിയാമെന്നും അമലപോള്‍ പറയുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, അമലപോളിന്റെ പുതിയ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നാണ് സിനിമയിലെ അവരുടെ അടുത്ത സുഹൃത്തുക്കള്‍ രാഷ്ട്രദീപികയോട് പ്രതികരിച്ചത്. തമിഴിലും തെലുങ്കിലും സജീവമായ അവര്‍ ഇപ്പോള്‍ ഹൈദരാബാദിലാണെന്നും സിനിമ ഉപേക്ഷിക്കുമോയെന്ന കാര്യത്തില്‍ ഒരു സൂചനയും നല്‍കിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ കൂട്ടിച്ചേര്‍ത്തു. ഹിമാലയത്തില്‍ എത്തിയപ്പോള്‍ ഉണ്ടായ അനുഭവങ്ങളാണ് ആത്മീയ പാതയിലേക്ക് മാറാന്‍ അമലയെ പ്രേരിപ്പിച്ചതത്രെ. ജീവിതത്തിലെ ഏറ്റവും പ്രധാനമായ ചില തീരുമാനങ്ങള്‍ എടുക്കാന്‍ വേണ്ടിയാണത്രെ അമല ഈ യാത്ര ആരംഭിച്ചത്. എന്റെ മുന്പില് രണ്ട് വഴികളുണ്ടായിരുന്നു. അതില്‍ ഏത് വഴിയാണ് അഭികാമ്യം എന്ന സംശയം ഒഴിവാക്കാനായിരുന്നു ഞാനീ സാഹസിക പ്രയാണം ആരംഭിച്ചത്. ഒടുവില്‍ നല്ലൊരു വഴി കണ്ടെത്തുകയും ചെയ്തുവെന്ന് അമല പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.