നടി അമല പോൾ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ഗായകൻ ഭവീന്ദർ സിങിനെതിരെയാണ് അമല പോളിന്റെ ഹർജി. തനിക്കൊപ്പമുള്ള ചിത്രങ്ങൾ ഗായകൻ ഭവീന്ദർ സിങ് ദുരുപയോഗം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ വർഷം അമല പോളിന്റെയും ഭവീന്ദർ സിങിന്റെയും വിവാഹ ചിത്രങ്ങൾ എന്ന പേരിൽ ഭവീന്ദർ സിങ് സോഷ്യൽ മീഡിയയിൽ ചില ഫോട്ടോകൾ പങ്കുവച്ചിരുന്നു.
നടി വീണ്ടും വിവാഹിതയായി എന്ന പ്രചാരണം വരികയും, ചിത്രങ്ങൾ വൈറലാകുകയും ചെയ്തു.
എന്നാൽ അമല പോൾ വിവാഹവാർത്ത നിഷേധിച്ച് രംഗത്തെത്തി. തുടർന്ന് ഭവീന്ദർ സിങ് സോഷ്യൽ മീഡിയയിൽ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്തു.
പ്രഫഷന്റെ ഭാഗമായി എടുത്ത ചിത്രങ്ങൾ ദുരുപയോഗം ചെയ്യുകയാണുണ്ടായത് എന്ന് അമല പോൾ വിശദീകരിച്ചു. ഇപ്പോൾ ഈ വിഷയത്തിൽ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നടി.
ഭവീന്ദർ സിങിന്റെ കൈവശമുള്ള തന്റെ ചിത്രങ്ങൾ പബ്ലിഷ് ചെയ്യുന്നത് തടയണം എന്നാവശ്യപ്പെട്ടാണ് ഹർജി. തെറ്റായ കുറിപ്പോടെ തന്റെ ചിത്രങ്ങൾ പങ്കുവച്ച ഭവീന്ദർ സിങിനെതിരേ അപകീർത്തി കേസ് എടുക്കണമെന്നും അമല പോൾ ആവശ്യപ്പെട്ടു.
കേസ് ഫയൽ ചെയ്യാൻ നടിക്ക് കോടതി അനുമതി നൽകി. തുടർ നടപടി സ്വീകരിക്കാൻ പോലീസിനും കോടതി നിർദേശം നൽകി.
സംവിധായകൻ എഎൽ വിജയുമായി 2014ലാണ് അമല പോളിന്റെ വിവാഹം കഴിഞ്ഞത്. ഒത്തുപോകില്ലെന്ന് ബോധ്യമായതിനെത്തുടർന്ന് 2017ൽ ഇരുവരും വിവാഹമോചിതരായി. പിന്നീട് സിനിമാ രംഗത്ത് കൂടുതൽ സജീവമാകുകയായിരുന്നു നടി.