താനൊരാളെ പ്രണയിക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് തെന്നിന്ത്യൻ താര സുന്ദരി അമല പോൾ. തമിഴിലെ സൂപ്പർ സംവിധായകരിൽ ഒരാളായ എ.എൽ. വിജയ് യുമായുള്ള വിവാഹബന്ധം തകർന്നതോടെ താനാകെ തകർന്നുപോയെന്നും അമല പോൾ പറയുന്നു.
ദാന്പത്യം പരാജയപ്പെട്ടപ്പോൾ തകർന്നുപോയിരുന്നു. ഈ ലോകത്ത് ഒറ്റയ്ക്കായതുപോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ മനസ് ആഗ്രഹിച്ചു. ഒരു ഹിമാലയൻ യാത്രയാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് അമല ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2016ൽ നടത്തിയ ഹിമാലയൻ യാത്രയാണ് ജീവിതത്തെ കുറിച്ച് അതുവരെയുള്ള തന്റെ കാഴ്ചപ്പാടുതന്നെ മാറ്റിയത്. വസ്ത്രങ്ങളും ക്രീമുകളും ചെരുപ്പും എല്ലാമായി പുറപ്പെട്ട താൻ നാലുദിവസത്തെ ട്രെക്കിംഗിന് ശേഷം എല്ലാം ഉപേക്ഷിച്ചു. മൊബൈൽ ഫോണ് ഉപയോഗിച്ചില്ല, ടെന്റിൽ കിടന്നുറങ്ങി, ദിവസങ്ങളോളം നടന്ന് ശരീരമാകെ മരവിച്ചിരുന്നു.
ആ യാത്ര ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകി. അതുവരെ അനുഭവിച്ച എല്ലാ മാനസിക ശാരീരിക പ്രശ്നങ്ങളും അവിടെ കളഞ്ഞിട്ടാണ് തിരിച്ചത്. ഒറ്റയ്ക്കുള്ള യാത്രകൾ സ്വന്തം കരുത്ത് തിരിച്ചറിയാൻ സഹായിക്കും. എന്തുകൊണ്ടാണ് തന്റെ ജീവിതത്തിൽ ഇതെല്ലാം സംഭവിച്ചതെന്ന് ഇപ്പോൾ തനിക്കറിയാമെന്നും അമല പോൾ അഭിമുഖത്തിൽ പറഞ്ഞു.
ആ യാത്രയോടെ താൻ ആഡംബര ജീവിതം ഉപേക്ഷിച്ചു. മെഴ്സിഡസ് ബെൻസ് വിറ്റു. സാധനങ്ങൾ വാങ്ങാൻ ചന്തയിൽ പോകുന്നത് സൈക്കിളിലാണ്. മാസം 20,000 രൂപയിൽ കൂടുതൽ ചെലവാക്കാറില്ല. ഇപ്പോൾ പോണ്ടിച്ചേരിയിലാണ് താമസമെന്നും അമല കൂട്ടിച്ചേർത്തു. ജീവിക്കാൻ ഹിമാലയമാണ് ആഗ്രഹിച്ചത്.
എന്നാൽ അത് ബുദ്ധിമുട്ടായതുകൊണ്ട് പോണ്ടിച്ചേരി തെരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോൾ ബ്യൂട്ടിപാർലറിൽ പോകാറില്ല. ആയുർവേദ ഡയറ്റാണ് തുടരുന്നത്. വിവാഹിതയാകാനും കുഞ്ഞുണ്ടാകാനും ആഗ്രഹിക്കുന്നുണ്ട്. ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്നുണ്ടെന്നും അമല പറഞ്ഞു.
മൂന്നു വർഷത്തെ പ്രണയത്തിനു ശേഷം 2014 ജൂണ് 21നായിരുന്നു അമല പോളും എ.എൽ. വിജയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ ഇരുവരും വിവാഹമോചന ഹർജി സമർപ്പിച്ചു. കഴിഞ്ഞ ജൂലൈ 11ന് ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയെ വിജയ് രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തു.
തന്റെ പ്രണയത്തെ കുറിച്ചും അമല തുറന്നു പറഞ്ഞിരുന്നു. “”ഞാൻ ഒരു ബന്ധത്തിലാണ്. ഇക്കാര്യം ആർക്കും അറിയില്ല. ആടൈ സിനിമയുടെ കഥ കേട്ടപ്പോൾ ഞാൻ ആദ്യം പങ്കുവച്ചതും അദ്ദേഹത്തോടാണ്. എന്റെ എല്ലാ സിനിമകളും അദ്ദേഹവുമായി ചർച്ച ചെയ്യാറുണ്ട്. ആടൈയുടെ കഥ കേട്ടപ്പോൾ ആദ്യം അദ്ദേഹം എന്നോട് പറഞ്ഞത് ഈ കഥാപാത്രമാകാൻ നീ സ്വയം പര്യാപ്തയാകണം എന്നാണ്.
ഈ സിനിമ ചെയ്യുകയാണെങ്കിൽ നൂറ് ശതമാനം അതിന് നൽകണം. ശാരീരികമായും മാനസികമായും അതിനുവേണ്ടി തയ്യാറെടുക്കണം. സിനിമാ അഭിനയം തെരഞ്ഞെടുത്താൽ മുന്നോട്ട് പോകുക. മറ്റൊന്നിനെക്കുറിച്ചും ആലോചിക്കരുത്. സിനിമയെ ഞാൻ നോക്കിക്കാണുന്ന രീതിക്ക് കടപ്പെട്ടിരിക്കുന്നതും അദ്ദേഹത്തോടാണ്”- അമല വ്യക്തമാക്കുന്നു.