ആലപ്പുഴ: അമ്പലപ്പുഴയില്‍ ദമ്പതികളെ നിഷ്ഠൂരമായി ചുട്ടുകൊന്ന ചിട്ടിക്കമ്പനിക്കാരന്‍ സുരേഷിന്റെ പൂര്‍വകാല ചരിത്രം ഇരുണ്ടത്. ഹിമാലയയും എവറസ്റ്റും അമൃതശ്രീയുമുള്പ്പെടെ ആലപ്പുഴയില്‍ ആരംഭിച്ച ചിട്ടിക്കമ്പനികള്‍ ഒന്നൊന്നായി പൊട്ടിയതോടെയാണ് സുരേഷ് ചിത്രത്തിലേക്കു വരുന്നത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കിയിരുന്ന സുരേഷിന് വീണുകിട്ടിയ അവസരമായിരുന്നു ഇത്. നാട്ടുകാര്‍ക്കിടയില്‍ ഭക്തവത്സലന് എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ പല രാഷ്ട്രീയ സാമുദായിക പ്രമുഖന്മാരുമായി ബന്ധം സ്ഥാപിച്ചാണ് ചിട്ടിക്കമ്പനിയിലേക്ക് ചിറ്റാളന്മാരെ ചേര്‍ത്തിരുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ ഭക്തവല്‍സലന്റെ പ്രീതിക്ക് പാത്രമായി ചിട്ടി കമ്പനിയില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചിരുന്നു.
കുറച്ചുനാള്‍ക്കു മുമ്പ് കരുനാഗപ്പള്ളിയിലെ ഒരു വനിതാ പഞ്ചായത്ത് പ്രസിഡന്റ് ഇരുപതോളം സ്ത്രീകളുമായി ആലപ്പുഴ പ്രസ്ക്ലബില്‍ ഒരു വാര്‍ത്താ സമ്മേളനം നടത്തിയതോടെയാണ് തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി പുറത്താവുന്നത്. അമ്പലപ്പുഴയിലെ ബി ആന്‍ഡ് ബി ചിട്ടിയില്‍ പണം നിക്ഷേപിച്ചവരായിരുന്നു ഇവരെല്ലാം. ഭര്ത്താക്കന്മാര് വിദേശത്തുള്ളവരായിരുന്നു ഇവരിലധികവും. ചിട്ടിവട്ടമെത്തിയപ്പോള് പണം എടുക്കാന്‍ ചെന്നവര്‍ക്കെല്ലാം വെറും കൈയ്യോടെ മടങ്ങേണ്ടി വന്നതോടെയാണ് ഇവര്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത്.പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്ദ്ദേശപ്രകാമായിരുന്നു ഇവര്‍ ചിട്ടിക്കമ്പനിയില്‍ പണം നിക്ഷേപിച്ചത്. ചിട്ടി ചേരുന്നവര്‍ക്ക് മുന്തിയ പലിശയായിരുന്നു സുരേഷ് വാഗ്ദാനം ചെയ്തിരുന്നത്.
ആ സമയത്തിനകം കേരളത്തിലെ വിവിധ ജില്ലകളില്‍ സുരേഷ് ചിട്ടിക്കമ്പനിയുടെ ശാഖകള്‍ തുറന്നിരുന്നു. കരുനാഗപ്പള്ളിയില്‍ തുടങ്ങിയ ശാഖയില്‍ പണം നിക്ഷേപിച്ചതോടെയാണ് വനിതാ പ്രസിഡന്റ് സുരേഷുമായി പരിചയത്തിലാകുന്നത്. സുരേഷില്‍നിന്നും വന്‍ വാഗ്ദാനം കിട്ടിയ പ്രസിഡന്റ് നാട്ടുക്കാരെ മുഴുവന്‍ ചിട്ടി കമ്പനിയില്‍ അംഗങ്ങള്‍ ആക്കുകയായിരുന്നു. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് നിക്ഷേപിച്ച പണത്തിന്റെ കാലാവധി എത്തിയതോടെ പണം എടുക്കാന്‍ എത്തിയപ്പോഴാണ് സുരേഷ് കമ്പനിയും പൂട്ടി സ്ഥലം വിട്ടത്. ഇതോടെ പ്രസിഡന്റിന് നാട്ടില്‍ നില്ക്കാന് പറ്റാതായതോടെയാണ് സ്്ത്രീകളെയും കൂട്ടി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത്. ഇതിനിടെ അതിമോഹത്താല്‍ പ്രസിഡന്റ് നിക്ഷേപിച്ച 3.5 ലക്ഷവും സുരേഷ് അടിച്ചു മാറ്റിയിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മുമ്പില്‍ ഉത്തരംമുട്ടിയ പ്രസിഡന്റ് തന്റെ പണം പോയാലും വേണ്ടില്ല നാട്ടുക്കാരുടെ പണം കിട്ടിയാല്‍ മതിയെന്ന നിലപാടിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ട് ഭയന്ന സ്ത്രീകള്‍ തങ്ങള്‍ ചിട്ടി കമ്പിനിയില്‍ പണം നിക്ഷേപിച്ചത് തങ്ങളുടെ വിദേശത്തുള്ള ഭര്ത്താക്കന്മാര് അറിഞ്ഞിട്ടില്ലെന്നും ചാനലുകളില്‍ തങ്ങളുടെ ചിത്രം കാണിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ചിട്ടികമ്പിനി പൂട്ടി നാടുവിട്ട സുരേഷിന്റെ ഭൂസ്വത്തുക്കള്‍ തേടിപിടിച്ച് ജപ്തി ചെയ്യിക്കാം എന്ന വാഗ്ദാനം നല്കി പ്രസിഡന്റ് നാട്ടുക്കാരായ സ്ത്രീകളെയും കൂട്ടി മടങ്ങുകയായിരുന്നു. ഇത്തരം നിരവധി തട്ടിപ്പുകളാണ് സുരേഷ് നടത്തിപോന്നിരുന്നത്.
ഇടുക്കി രാജക്കാട് സ്വദേശികളായ പീരിത്തോട് കുമാരന്റെ മകന് വേണു (52) ഭാര്യ സുമ (50) എന്നിവരെയാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ വേണു രാത്രി 9.30 ഓടെയും ഭാര്യ സുമ പത്തോടെയും ആശുപത്രിയില്‍ മരിച്ചു. ബി ആന്‍ഡ് ബി ചിട്ടിയില്‍ ഇവര്‍ മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ ഇറക്കിയിരുന്നു.പണം നല്‍കമെന്നേറ്റ ദിവസം ലഭിക്കാതെ വന്നതാണ് ദമ്പതികള്‍ പണം ചോദിക്കാന്‍ രാത്രിയോടെ ചിട്ടികമ്പനിയിലെത്തിയത്. പണം ചോദിച്ച് ദമ്പതികള്‍ ഇന്നലെ രാവിലെ ഇയാളുടെ വീട്ടിലും കുത്തിയിരുപ്പ് നടത്തിയിരുന്നു. 2009 ല്‍ ആണ് സുരേഷ് ബി ആന്‍ഡ് ബി എന്ന സ്ഥാപനം അമ്പലപ്പുഴയില്‍ തുടങ്ങിയത്. മറ്റ് ചിട്ടികമ്പിനികള് പൊട്ടിപൊളിഞ്ഞപ്പോള്‍ നാട്ടുക്കാരനെന്ന നിലയില്‍ സുരേഷ് അവസരം മുതലെടുക്കുകയായിരുന്നു.
കോടികള്‍ നിക്ഷേപമായി ലഭിച്ച സുരേഷ് പ്രമുഖ ചാനലുകള്‍ക്കെല്ലാം പരസ്യം നല്കി സ്വാധീനം ചെലുത്തിയിരുന്നു. അടിച്ചുമാറ്റിയ പണം കൊണ്ട് ഇയാല്‍ വന്‍ഭൂസ്വത്ത് കരസ്ഥാമാക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ കമ്പനി പൊട്ടിയതോടെ ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. 2013 ല്‍ പൊട്ടിപൊളിഞ്ഞ ചിട്ടികമ്പനിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി കോടികളുടെ പണാപഹരണം ചുമത്തി 17 കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. വീണ്ടു തട്ടിപ്പുമായി ഇറങ്ങിയ സുരേഷ് പലവേഷത്തിലും നാട്ടില്‍ എത്തിയിരുന്നു. പൊട്ടിപൊളിഞ്ഞെന്ന് കാണിക്കാന്‍ ഇയാള്‍ നാട്ടുക്കാര്‍ക്കിടയില്‍ ഇന്‍സ്റ്റന്റ് ദേശമാവും ചപ്പാത്തിയും വിതരണം ചെയ്യുന്ന കച്ചവടക്കാരനായും എത്തിയിരുന്നു. ഏതായാലും പൊലീസ് വിശദമായ അന്വേഷണത്തിന് തയ്യാറായിട്ടുണ്ട്. ഇന്നലെ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.