അമ്പലപ്പുഴ: നിയന്ത്രണങ്ങളോടെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നാളെ മുതൽ പ്രവേശനം. രാവിലെ 6.30 മുതൽ 7.30 വരെയും 8.30 മുതൽ 10.15 വരെയും വൈകുന്നേരം അഞ്ച് മുതൽ 6.15 വരെയുമായിരിക്കും പ്രവേശനം.
ഉഷ:പൂജ, എത്യത്ത് പൂജ, പന്തീരടി പൂജ, നിത്യനവകം, ഉച്ചപൂജ, ഉച്ച ശ്രീബലി, ദീപാരാധന, അത്താഴപൂജ, അത്താഴ ശ്രീബലി, തൃപ്പുക എന്നീ ചടങ്ങുകളിൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ ശുദ്ധീകരിച്ച ശേഷം പടിഞ്ഞാറെ വാതിൽക്കലെത്തി ക്യൂവിലൂടെ നാലമ്പലത്തിനുള്ളിൽ പ്രവേശിക്കണം.
നാലമ്പലത്തിനുള്ളിൽനിന്ന് തെക്കേ നട വാതിൽ വഴി പുറത്തിറങ്ങി മഹാദേവൻ നടയിലും ഗണപതി നടയിലും തൊഴുത് ഗുരുവായൂർ നടവഴി തെക്ക് പടിഞ്ഞാറെ പാർക്കിംഗ് ഗ്രൗണ്ടിൽ പ്രവേശിച്ച് പുറത്തു കടക്കണം.
നാലമ്പലത്തിനുള്ളിൽ പ്രദക്ഷിണം, ഉച്ചത്തിലുള്ള മന്ത്രോച്ചാരണം, കീർത്തനാലാപനം എന്നിവ അനുവദിക്കില്ല. ദർശനത്തിനെത്തുന്ന ഭക്തർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.
രജിസ്ട്രേഷനുപയോഗിക്കാനുള്ള പേന കൊണ്ടുവരണം. ഒരു സമയം മുൻഗണനാ ക്രമത്തിൽ 10 പേരിൽ കൂടുതൽ ദർശനത്തിന് അനുവദിക്കില്ല. ഭക്തർ പരസ്പരം സ്പർശിക്കാൻ പാടില്ല. ഭക്തർ തമ്മിൽ ഒന്നര മീറ്റർ അകലം പാലിക്കണം.
തീർത്ഥവും പ്രസാദവും ശ്രീലകത്തു നിന്നു നൽകില്ല. 10 വയസിന് താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവരെ ദർശനത്തിന് അനുവദിക്കില്ല. ഭക്തർ പാദരക്ഷകൾ കൂട്ടിയിടരുത്. പ്രവേശനം പടിഞ്ഞാറെ നടയിലൂടെ മാത്രമായിരിക്കും.
പടിഞ്ഞാറെ നടയിൽ നടപ്പന്തലിൽ പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ നൽകണം. ഈ നിർദേശങ്ങൾ പാലിച്ചു മാത്രമേ ഭക്തർ ദർശനത്തിന് എത്താവൂ എന്ന് അഡ്മിനിസ്ട്രേറ്റ് ഓഫീസർ ഗോപകുമാർ അറിയിച്ചു.