മൂലേടം: കൊടുരാറ്റിൽ പുന്നക്കൽ കടവിൽ കൂട്ടുകാരുമൊത്തു കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ച സംഭവത്തിൽ ഈസ്റ്റ് പോലീസ് കേസെടുത്തു. മൂലേടം കുറുപ്പുംപടി മണ്ണഞ്ചേരിൽ ഹരിദാസിന്റെ മകൻ അമൽ ദാസാ (20)ണു മരിച്ചത്. രാത്രി വൈകി കൊടൂരാറ്റിൽ ആഴമുള്ള സ്ഥലത്ത് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറയുന്നു.
ഇന്നലെ രാത്രി ഏഴോടെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അമലിനെ കൂട്ടുകാർ നിർബന്ധിച്ച് കൊണ്ടു പോകുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. ഇന്ന് രാവിലെ മെഡിക്കൽ കോളേജിനുസമീപം കെട്ടിടം പണിക്കു പോകേണ്ടതായിരുന്നു അമൽ. അമലിനെ കാണാതായതോടെ കൂട്ടുകാർ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം ചെളിയിൽ താഴ്ന്ന നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി മാറ്റി. മാതാവ്: ബിന്ദു. സഹോദരങ്ങൾ: അഖിൽദാസ്, അഞ്ജന ദാസ്. സംസ്കാരം ഇന്ന് മൂന്നിന് മുട്ടന്പലം ശ്മശാനത്തിൽ.