കൊച്ചി: വിദേശത്തു നിന്നു കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ലഹരി വസ്തുക്കൾ കടത്തുന്ന രാജ്യാന്തര മയക്കുമരുന്നു കടത്ത് സംഘത്തിലെ കണ്ണി ഇന്നലെ പിടിയിലായ നൈജീരിയന്‍ സ്വദേശി അമാംചുക്വു ഉമെഹ് (37) യാത്ര ചെയ്യുന്നത് ന്യൂജൻ ലഹരി സാധനങ്ങൾ തൂക്കുന്നതിനുള്ള വെയിംഗ് മെഷീനുമായി.
നൈജീരിയന്‍ ഫുട്ബോള്‍ കളിക്കാരന് അമാംചുക്വു ഇന്നലെയാണ് ബംഗളൂരുവില്‍ കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്. റിമാന്‍ഡില്‍ കഴിയുന്ന ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ ലഭിക്കാന്‍ ഇന്ന് അപേക്ഷ സമര്‍പ്പിക്കുമെന്ന് സിഐ എ. അനന്തലാല്‍ അറിയിച്ചു.
കസ്റ്റഡിയില്‍ ലഭിച്ച ശേഷം ബംഗളൂരൂവിലെത്തിച്ച് തുടര്‍ അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ആലുവ കമ്പനിപ്പടി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ മുഹമ്മദ് ഷിഫാസിനെയാണ് ഇനി പിടികൂടാനുള്ളത്. ഇയാൾക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.
സർവത്ര വ്യാജൻ
ഇന്നലെ പിടിയിലായ അമാംചുക്വു 2001ലാണ് ഫുട്ബോള്‍ കളിക്കുന്നതിനായി ഇന്ത്യയിലെത്തിയത്. ഇയാളില്‍നിന്നു വ്യാജ പാസ്പോര്‍ട്ടുകളും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ലഹരിമരുന്നു വില്പനയിനത്തില് കിട്ടിയ അഞ്ചര ലക്ഷം രൂപയും വിദേശ കറന്‍സിയും നിരവധി രേഖകളും പോലീസ് കണ്ടെടുത്തിരുന്നു.
പാസ്പോര്‍ട്ടുകളും തിരിച്ചറിയല്‍ കാര്‍ഡുകളും വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ഇടപ്പള്ളി രണദിവെ റോഡിലെ വാടക കെട്ടിടത്തില്‍നിന്നു 21 ഗ്രാം എംഡിഎംഎയുമായി ആലുവ മാറമ്പിള്ളി മൂത്തേടത്ത് അഹമ്മദ് യാസിന്, എടത്തല എട്ടുകാട്ടില്‍ മുഹമ്മദ് ഷഹാദ് എന്നിവര്‍ പോലീസിന്റെ പിടിയിലായിരുന്നു.
കമ്പനിപ്പടി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ മുഹമ്മദ് ഷിഫാസിന് വേണ്ടി ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ കൊണ്ടു വന്നതെന്നു പ്രതികള്‍ കുറ്റസമ്മത മൊഴി നടത്തി.
അവിടെ എംബിഎ വിദ്യാര്‍ഥിയായ ആലുവ തോട്ടക്കാട്ട് മേത്തേരിപ്പറമ്പില് മുഹമ്മദ് റിയാസാണ് ഷിഫാസിന്റെ നിര്‍ദേശ പ്രകാരം പ്രതികള്‍ക്കു ലഹരിമരുന്നു കൈമാറിയത്.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുഹമ്മദ് റിയാസ് ഇക്കഴിഞ്ഞ 10നു കോടതി നിര്‍ദേശ പ്രകാരം പോലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്നു കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് അമാംചുക്വു ഉമെഹിനെ കുറിച്ചു നിര്‍ണായക വിവരം ലഭിച്ചത്.
ഫുട്ബോളും ലഹരിയും അമാംചുക്വുവും
മലപ്പുറം, മഞ്ചേരി, തൃശൂര്‍, എറണാകുളം ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ജില്ലകളില്‍ ക്ലബുകള്‍ക്ക് വേണ്ടി ഫുട്ബോള്‍ കളിച്ചിട്ടുള്ള അമാംചുക്വുവിനെ എല്‍എസ്ഡിയുമായി ഗോവന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ കേസില്‍ വിചാരണയ്ക്ക് ഹാജരാകാതെ ഒളിവില്‍ പോയ ഇയാള്‍ ബംഗളൂരുവില്‍ മറ്റൊരു പേരില്‍ താമസിച്ച് ഫുട്ബോള്‍ കളിയും അതോടൊപ്പം ലഹരിമരുന്നു കടത്തും നടത്തിവരികയായിരുന്നു. നൈജീരിയന്‍ കളിക്കാര്‍ തന്നെയാണ് ഇയാള്‍ക്ക് കെമിക്കല്‍ ലഹരി കൈമാറുന്നത്.