സ്വന്തം ലേഖകൻ
പത്തനാപുരം :ഒരു ചുംബനം പോലും നൽകാനാവാതെ സംഭവിച്ചതെന്തെന്നറിയാതെ കുഞ്ഞു പാത്തു. ഒന്നര വയസ് മാത്രം പ്രായമുള്ള ഫസ്ന ഫാത്തിമ എന്ന പാത്തുവിന് അമ്മയെ ഇനി കാണാൻ കഴിയില്ല എന്ന നൊമ്പരവുമറിയില്ല.
മരണവിവരമറിഞ്ഞെത്തിയ ബന്ധുക്കളുടെ മടിയിൽ കയറി പുഞ്ചിരി തൂകുമ്പോഴും ഇവിടെയെത്തിയവരുടെ കരളുരുകുകയായിരുന്നു. മേയ് പതിനഞ്ചിന് പാത്തുവിനെ മാതൃസഹോദരിയുടെ മകളെ ഏല്പിച്ചിട്ടാണ് നജീറ ആർസിസിയിലേയ്ക്ക് പോകുന്നത്.
അവിടെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിന്റെ കുഴിയിൽ വീണ് പരിക്കേറ്റ നജീറ ഇന്നലെ മരണത്തിനു കീഴടങ്ങി. അമ്മയെ എപ്പോഴും തിരക്കുമെങ്കിലും അപകടവിവരമോ മരണമോ ഈ കുരുന്നിനറിയില്ല;
അമ്മമ്മയെ കൊണ്ട് വരാൻ പോയ അമ്മ ഇനി വരില്ലെന്ന കാര്യവും. രണ്ടുമുറി മാത്രമുള്ള കുഞ്ഞുവീടിനകത്തളത്തുനിന്നും അമ്മയുടെ ശബ്ദം ഇനി കേൾക്കാനും കഴിയില്ല.
മരണശേഷം നദീറയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ മൃതദേഹം വീട്ടിലെത്തിക്കാതെ പള്ളിയിലെ കബർസ്ഥാനിൽ മറവ് ചെയ്യുകയായിരുന്നു.