ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ ബന്ധപ്പെട്ട അനിൽ അംബാനിയുടെ ഒരു കന്പനിക്ക് ഫ്രഞ്ച് ഗവൺമെന്റ് വൻ നികുതിയിളവ് നല്കി. 1,170 കോടിയിൽ പരം രൂപയുടെ (15.1 കോടി യൂറോ) നികുതിബാധ്യത 56 കോടി ഡോളർ (73 ലക്ഷം യൂറോ) വാങ്ങി ഒഴിവാക്കിക്കൊടുക്കുകയായിരുന്നു. 1,114 കോടി അംബാനിക്ക് നേട്ടം.
റഫാൽ ഇടപാടുമായി ഇതിനു ബന്ധമാരോപിച്ച് ഫ്രഞ്ച് പത്രമായ ലെ മോന്ദ് ഇന്നലെ റിപ്പോർട്ട് നല്കി.
റിലയൻസ് കമ്യൂണിക്കേഷൻസ് (ആർകോം) കന്പനിയുടെ ഫ്രാൻസിലെ ഉപകന്പനിയായ റിലയൻസ് അറ്റ്ലാന്റിക് ഫ്ലാഗ് ഫ്രാൻസ് എന്ന കന്പനിക്കാണു നികുതി ഇളവ് ലഭിച്ചത്. ഫ്രാൻസിൽ ടെലികോം നെറ്റ് വർക്ക് ഉള്ളതാണ് ഈ കന്പനി. രാജ്യാന്തര സമുദ്രാന്തര കേബിൾ ശൃംഖല ഉള്ള ഫ്ലാഗ് കന്പനിയെ ആർകോം ഏറ്റെടുത്തപ്പോഴാണു ഫ്രാൻസിലെ ഈ ഉപകന്പനി ലഭിച്ചത്. 2007 മുതൽ 2012 വരെയുള്ള കാലയളവിലെയായിരുന്നു നികുതി ബാധ്യത. ഇക്കാലത്തു കന്പനിക്ക് 20 കോടി രൂപ പ്രവർത്തന നഷ്ടമാണ് ഉണ്ടാത്.
തീയതികൾ
2014-ലും 15-ലുമായാണ് അംബാനിക്ക് നികുതി നോട്ടീസ് കിട്ടുന്നത്. 2015 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിൽ എത്തി. ഫ്രാൻസിൽനിന്നു 36 റഫാൽ പോർ വിമാനങ്ങൾ വാങ്ങുമെന്നു പ്രഖ്യാപിച്ചു. 18 എണ്ണം വാങ്ങുന്പോൾ 108 എണ്ണം ഇന്ത്യയിൽ നിർമിക്കുക ചെയ്യാൻ യുപിഎ സർക്കാർ നടത്തി വന്ന ചർച്ചകൾ മോദി അവസാനിപ്പിച്ചു. ആ ഒക്ടോബറിൽ അംബാനിക്കു നികുതി ഇളവ് അനുവദിച്ചു. 1170 കോടിക്കു പകരം 56 കോടി രൂപ നല്കി അംബാനി തലയൂരി. പിറ്റേ വർഷം സെപ്റ്റംബറിൽ റഫാൽ കരാർ ഒപ്പുവച്ചു.
787 കോടി യൂറോയ്ക്ക് (ഇന്നത്തെ നിരക്കിൽ 61,400 കോടി രൂപ) 36 വിമാനങ്ങൾ വാങ്ങാനുള്ള സർക്കാർതല കരാർ. ഇതിന്റെ പകുതി തുകയ്ക്ക് ഇന്ത്യയിൽനിന്നു സാധനങ്ങൾ വാങ്ങാൻ നിർമാതാക്കളായ ഡസോ എവിയേഷനു ബാധ്യത ഉണ്ടെന്നും കരാറിൽ വ്യക്തമാക്കി. ഈ ബാധ്യതയ്ക്ക് അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കി. റിലയൻസിന് ഈ രംഗത്തു പരിചയമില്ലെന്നതു പ്രശ്നമായില്ല.
വെളിപ്പെടുത്തൽ
റിലയൻസിനെ ഇന്ത്യ നിർബന്ധിപ്പിച്ചാണു പങ്കാളിയാക്കിയതെന്നാണ് അക്കാലത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദ് കഴിഞ്ഞ വർഷം വെളിപ്പെടുത്തിയത്.
റഫാൽ ഇടപാടിൽ ഔദ്യോഗിക സംഘത്തെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫീസാണ് എല്ലാ ചർച്ചകളും നടത്തിയതെന്ന രേഖകൾ കഴിഞ്ഞയാഴ്ചകളിൽ “ദ ഹിന്ദു’പുറത്തുവിട്ടിരുന്നു. ഡസോയ്ക്കും റിലയൻസിനും വഴിവിട്ട ആനുകൂല്യങ്ങൾ നല്കിയെന്നും അതിൽ വെളിപ്പെട്ടു. യുപിഎ കാലത്തേതിലും ഗണ്യമായി കൂടിയ വിലയ്ക്കാണ് വിമാനങ്ങൾ വാങ്ങുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.
നിഷേധിച്ചു
അംബാനിക്കുള്ള നികുതി ഇളവും റഫാൽ കരാറുമായി ഒരു ബന്ധവുമില്ലെന്നു പ്രതിരോധ മന്ത്രാലയം പറഞ്ഞു. നികുതി ഇളവിന്റെ കാലഘട്ടവും വിഷയവും റഫാലുമായി ഒരു രീതിയിലും ബന്ധപ്പെട്ടതല്ലെന്നു മന്ത്രാലയം പറയുന്നു.
2008 മുതലുള്ള നികുതിയുമായി ബന്ധപ്പെട്ട വിഷയത്തിലെ ഇളവും റഫാലുമായി ബന്ധമില്ലെന്നു റിലൻസ് കമ്യൂണിക്കേഷനും പറഞ്ഞു.
സംശയകരമായ സമയക്രമം
നികുതി നോട്ടീസ് ലഭിച്ചത് 2012-14 ൽ.
റഫാൽ വാങ്ങുമെന്ന
മോദിയുടെ പ്രഖ്യാപനം
2015 ഏപ്രിൽ
നികുതി ഇളവ്
2015 സെപ്റ്റംബറിൽ
റഫാൽ കരാർ
2016 സെപ്റ്റംബർ