സ്വന്തം ലേഖകൻ
അയ്യന്തോൾ: പിറന്ന നാടിനു വേണ്ടി യുദ്ധം ചെയ്ത് വീരചരമം പ്രാപിച്ച ധീര സൈനികരുടെ ഓർമകൾ തുടിക്കുന്ന അമർ ജവാൻ സ്മാരകത്തിന്റെ മുഖം മിനുക്കുന്നു. അയ്യന്തോളിൽ കളക്ടറേറ്റിനു മുന്നിലാണ് അമർ ജവൻ പാർക്ക്.
ജില്ല സൈനിക ബോർഡിന്റെ നേതൃത്വത്തിലാണ് അമർ ജവാനിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിന്റെ വാർഷിക ദിനത്തിൽ സ്മാരകം തുറന്നുകൊടുക്കാനാണു തീരുമാനം.
പഴയ ഹാൻഡ് റെയിലുകളെല്ലാം മാറ്റുന്നുണ്ട്. അമർ ജവാൻ സ്മാരകത്തെ കൂടുതൽ ആകർഷകമാക്കാനാണു പദ്ധതി.
നിലവിൽ കറുത്ത മാർബിൾ കൊണ്ടു നിർമിച്ചിരിക്കുന്ന സ്മാരകത്തിന്റെ മുകളിൽ നടുവിലായി 7.62 എംഎം എസ്എൽആർ റൈഫിളും അതിന്റെ ബാരൽ താഴേക്കു വരുംവിധം ഉറപ്പിച്ചിട്ടുമുണ്ട്.
അതിനു മുകളിലായി ഒരു ആർമി ഹെൽമറ്റും സ്ഥാപിച്ചിട്ടുണ്ട്.കാലപ്പഴക്കം കൊണ്ടും മഴയും വെയിലുമേറ്റുമുണ്ടായ കേടുപാടുകളെല്ലാം ശരിയാക്കുന്നുണ്ട്.
സ്മാരകത്തിൽ തെരുവുനായ്ക്കളും കന്നുകാലികളും കയറാതിരിക്കാനുള്ള ക്രമീകരണങ്ങളും ചെയ്യുന്നുണ്ട്.