അമരവിള : രണ്ട് ബജറ്റുകളിൽ സ്ഥാനം പിടിച്ച അമരവിള ഒറ്റശേഖരമംഗലം റോഡിന്റെ വികസനം അനന്തമായി നീളുന്നു. റോഡിന്റെ വികസനത്തെ ചൊല്ലി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചവരും പിൻ വാങ്ങിയതോടെ റോഡിന്റെ അവസ്ഥ തകർച്ചയിൽ തുടരുകയാണ്
എൽഡിഎഫ് സർക്കാർ ആദ്യബഡ്ജറ്റിൽ റോഡിനായി 15 കോടി വകയിരുത്തിയെങ്കിലും കഴിഞ്ഞ ജനുവരിയിലാണ് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചത്. ആദ്യബജറ്റിൽ പാറശാല മണ്ഡലത്തിന് ലഭിച്ച കൂടിയ തുകയും അമരവിള ഒറ്റശേഖരമംഗലം റോഡിനായിരുന്നു. എന്നാൽ റോഡ് വികസനം അനന്തമായി നീളുന്നതിൽ നാട്ടകാർ പ്രതിഷേധത്തിലാണ്.
നിലവിൽ 26.97 കോടി രൂപക്കാണ് റോഡ് ടെണ്ടർ ചെയ്ത് സ്ഥലമെടുക്കലിനായി മൂന്നു കോടി കൂടി അനുവദിച്ചു. റോഡ് വികസനത്തിനായി 85 സെന്റോളം സ്ഥലം വേണമെന്നിരിക്കെ സ്ഥലമേറ്റെടുക്കലിന്റെ പ്രാഥമിക നടപടികൾപോലും ആരംഭിച്ചിട്ടില്ല. നിലവിലുള്ള പാലങ്ങൾ ബലപ്പെടുത്തി ചിറ്റാറ്റിൻകരയിലും ആര്യൻകോടും ഫുഡ് ബ്രിഡ്ജുകൾ പണിതാണ് റോഡ് നിർമാണം പൂർത്തിയാക്കേണ്ടത്.
റോഡിൽ അപകടങ്ങൾ പതിവായതോടെ പൊട്ടിപ്പൊളിഞ്ഞ ആറു കിലോമീറ്ററോളം റോഡിൽ കുഴിയടക്കൽ നടന്നെങ്കിലും അതും തകർന്ന അവസ്ഥയിലാണ്. റോഡിലെ ടാർ വിണ്ട് കീറി അടർന്ന സ്ഥിതിയിലാണ്. അതേ സമയം സ്ഥലമേറ്റെടുപ്പും പാലം നവീകരണവും പൂർത്തിയാക്കി ടാറിംഗ് ആരംഭിക്കണമെങ്കിൽ ഇനിയും മാസങ്ങൾ വേണമെന്ന് അധികൃതർ പറയുന്നു. സ്ഥമേറ്റെടുക്കലിൽ ആക്ഷേപമുണ്ടായൽ റോഡ് വികസനം അനന്തമായി നീളുമെന്ന് ചുരുക്കം.
റോഡിലെ പാലങ്ങളുടെ നവീകരണമുൾപ്പെടെ ആദ്യം അനുവദിച്ച 15 കോടി പര്യാപ്തമല്ലാത്തതിനാൽ കൂടുതൽ തുക വേണമെന്ന ആവശ്യം ജനപ്രതിനിധികൾ ഉന്നയിച്ചിരുന്നു തുടർന്നാണ് കൂടുതൽ തുക അനുവദിച്ചത്. ടെണ്ടറിന്റെ കാലാവധി വരുന്ന ജനുവരിയിൽ അവസാനിക്കും.