നിയാസ് മുസ്തഫ
അധികാരം നഷ്ടപ്പെട്ട അമരീന്ദർ സിംഗിനെ കോൺഗ്രസ് ഭയക്കണം- പഞ്ചാബിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ അടക്കംപറച്ചിലാണ് ഇത്.
മുഖ്യമന്ത്രി കസേരയിൽ ഇരുന്നപ്പോൾ പല രാഷ്ട്രീയ കളികൾക്കും വിമർശനപ്പെരുമഴകൾക്കും മറുപടി നൽകുന്നതിൽ പരിധിയും പരിമിതിയുമുണ്ടായിരുന്ന അമരീന്ദർ ഇപ്പോൾ ഏറെക്കുറെ സ്വതന്ത്രനാണ്.
സർക്കാരിനെ താങ്ങിനിർത്തേണ്ടവരിൽ പലരും ഒരു ശത്രുവിനെപ്പോലെ പെരുമാറുകയും മുഖ്യമന്ത്രി കസേര നഷ്ടപ്പെടേണ്ട സാഹചര്യം ഒരുക്കിത്തരുകയും ചെയ്തതിൽ അമരീന്ദർ കടുത്ത അസ്വസ്ഥതയിലാണ്.
ഒരു കണക്കിന് അധികാരത്തിന്റെ ഭാണ്ഡക്കെട്ട് ഒഴിഞ്ഞത് നന്നായിയെന്ന ആശ്വാസവും അദ്ദേഹം സഹപ്രവർത്തകരോട് പങ്കുവയ്ക്കുന്നുണ്ട്.
കൂടെ നിർത്തണം
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കേ, പഞ്ചാബിലെ കോൺഗ്രസിൽ നടന്ന രാഷ്ട്രീയ കളികൾ കോൺഗ്രസിന് ഗുണം ചെയ്യുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
അമരീന്ദർസിംഗിനെപ്പോലുള്ള നേതാവിന് മുഖ്യമന്ത്രി കസേര നഷ്ടപ്പെട്ടുവെങ്കിലും അദ്ദേഹത്തിന് സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ അതിനിർണായക സ്വാധീനമുണ്ട്.
അമരീന്ദറിനെ അനുനയിപ്പിച്ച് കൂടെ നിർത്തി തുടർഭരണം നേടിയെടുക്കുക എന്ന ലക്ഷ്യമാണ് കോൺഗ്രസിനു മുന്നിലുള്ളത്. ഇത് എത്രത്തോളം വിജയത്തിലെത്തിക്കാനാവുമോ അത്രത്തോളം തുടർഭരണം എന്ന ലക്ഷ്യത്തിലേക്ക് കോൺഗ്രസ് ഒാടിയെത്തും.
അല്ലാത്തപക്ഷം പഞ്ചാബിലെ പ്രധാന പ്രതിപക്ഷമായ ആംആദ്മി പാർട്ടിയുടെ കരങ്ങളിലേക്ക് ഭരണമെത്തും. ഇപ്പോൾ കോൺഗ്രസിൽ നടക്കുന്ന തമ്മിലടിയും അധികാര കൈമാറ്റവുമൊക്കെ തങ്ങൾക്ക് നേട്ടമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആംആദ്മി.
ബിജെപി എല്ലാം കാണുന്നുണ്ട്
അമരീന്ദർ സിംഗിനെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്ര മന്ത്രി രാംദാസ് അത്തവാലേ രംഗത്തുവന്നത് കോൺഗ്രസിന് ബിജെപി നൽകുന്ന മുന്നറിയിപ്പാണ്.
നിങ്ങളെ അപമാനിച്ച ഒരു പാർട്ടിയിൽ തുടരുന്നതിന്റെ പ്രയോജനം എന്താണെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗിനോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കോണ്ഗ്രസ് പാർട്ടി വിട്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മുന്നണിയിൽ ചേരാൻ ഞാൻ അദ്ദേഹത്തോട് അഭ്യർഥിക്കുന്നു.
എൻഡിഎയിൽ എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്നു. പഞ്ചാബിൽ എൻഡിഎയെ അധികാരത്തിലെത്തിക്കാനും അതുവഴി നല്ല പ്രവർത്തനങ്ങൾ ചെയ്യാനും അമരീന്ദറിനാകുമെന്നും അത്തവാലെ പറയുന്നു.