ടെഹ്റാൻ: ചാരവൃത്തി ആരോപിച്ച് ഇറാൻ തടവിലാക്കിയ യുവതിയെ മോചിപ്പിച്ചു.
ബ്രിട്ടീഷ് കൗൺസിലിന്റെ ലണ്ടൻ ഓഫീസിലെ ജീവനക്കാരിയായ അരസ് അമിരിയെയാണ് മോചിപ്പിച്ചത്. ഇവരെ ഇറാൻ സുപ്രീം കോടതി കുറ്റവിമുക്തയാക്കി.
2018-ൽ മുത്തശ്ശിയെ കാണാനെത്തിയപ്പോഴാണ് അമിരി അറസ്റ്റിലായത്. ചാരവൃത്തി ആരോപിച്ച് 2019ൽ യുവതിയെ പത്ത് വർഷത്തെ തടവിന് റവല്യൂഷനറി കോടതി ശിക്ഷിച്ചു.
സാംസ്കാരിക തലത്തിൽ ഇറാനെ സ്വാധീനിക്കാൻ യുവതി കലാ-നാടക ഗ്രൂപ്പുകളുമായുള്ള ബന്ധം ഉപയോഗിച്ചെന്നായിരുന്നു ആരോപണം.
എന്നാൽ അമിരിയും ബ്രിട്ടീഷ് കൗൺസിലും ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
കോടതി മോചിപ്പിച്ച അമിരി ഇപ്പോൾ യുകെയിൽ തിരിച്ചെത്തിയതായി ബ്രിട്ടീഷ് കൗൺസിൽ അറിയിച്ചു.