തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ കോർപറേറ്റുകളെ വഴിവിട്ടു സഹായിക്കുന്നതാണ് രാജ്യം കണ്ടതെന്ന് എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ. കഴിഞ്ഞ നാലേമുക്കാൽ വർഷത്തെ ഭരണത്തിൽ കോർപറേറ്റുകൾ വളരുകയും ഇന്ത്യ തളരുകയും ചെയ്തു. സാഹിത്യ അക്കാദമി ഹാളിൽ എഐടിയുസി സംഘടിപ്പിച്ച പൊതുമേഖല-സഹകരണ മേഖല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
രാജ്യത്ത് അന്പതുശതമാനം ആളുകളുടെ കൈവശമുള്ളതിന്റെ തുല്യമായ സന്പത്ത് ഒന്പത് കോടീശരന്മാരുടെ കൈവശം കേന്ദ്രീകരിച്ചിരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ കോടീശ്വരന്മാർ ദിവസം ശരാശരി 2200 കോടി രൂപ സന്പാദിക്കുന്നുവെന്ന കണക്കുകളും പുറത്തുവന്നിട്ടുള്ളതാണ്.
ജനസംഖ്യയുടെ പത്തുശതമാനം വരുന്ന താഴെത്തട്ടിലുള്ള പതിമൂന്ന് കോടി ജനങ്ങൾ കടക്കെണിയിൽ മുങ്ങിയിരിക്കുകയാണ്. മോദി സർക്കാരിന്റെ അമിതമായ കോർപറേറ്റ്വത്കരണത്തിന്റെയും ചങ്ങാത്ത മുതലാളിത്തത്തിന്റേയും ഉദാഹരണങ്ങളാണ് ഇതു കാണിക്കുന്നതെന്ന് അമർജിത്ത് കൗർ പറഞ്ഞു.
എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, എഐടിയുസി സംസ്ഥാന ഭാരവാഹികളായ വിജയൻ കുനിശേരി, കെ.മല്ലിക, എം.പി. ഗോപകുമാർ, എലിസബത്ത് അസീസി, എഐബിഇഎ സംസ്ഥാന നേതാവ് എസ്. രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു.