ഡൽഹിയിൽ നിന്നും കാർ മാർഗം ലണ്ടനിലേക്ക് യാത്ര ചെയ്ത 60 വയസുകാരൻ സോഷ്യൽമീഡിയയിൽ തരംഗമാകുന്നു. പ്രായം വെറും സഖ്യ മാത്രമാണെന്നും മനസാണ് ശക്തിയെന്നുമുള്ള വാക്കുകൾ എത്രമാത്രം സത്യമാണെന്ന് തെളിയിച്ച ഈ വ്യക്തിത്വത്തിന്റെ പേര് അമർജീത് സിംഗ് എന്നാണ്.
ബിസിനസ് മകനെ ഏൽപ്പിച്ച അമർജീത് സിംഗ് തന്റെ യാത്ര ആരംഭിച്ചത് 2018 ജൂലൈ ഏഴിനാണ്. 2013 മോഡൽ ടൊയോട്ട ഫോർച്ച്യൂണറിൽ 36,800 കിലോമീറ്റർ സഞ്ചരിച്ച ഇദ്ദേഹം 131 ദിവസങ്ങൾക്കൊണ്ട് 30 രാജ്യങ്ങൾ സന്ദർശിച്ച് ഡിസംബർ 16ന് ലണ്ടനിൽ എത്തി.
നേപ്പാൾ, ചൈന, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, റഷ്യ, പോളണ്ട്, ലിക്റ്റൻസ്റ്റൈൻ, ഓസ്ട്രിയ, എസ്റ്റോണിയ, ലിത്വാനിയ, ലാത്വിയ, സ്വീഡൻ, നോർവേ, ജർമനി, സ്വിറ്റ്സർലൻഡ്, ബെൽജിയം, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി, സ്ലൊവേനിയ, സ്ലൊവാക്യ, ഇറ്റലി, സ്പെയ്ൻ, പോർച്ചുഗൽ, ലക്സംബർഗ്, മൊണാകോ, ഫ്രാൻസ്, നെതർലൻഡ്സ്, ഡെൻമാർക് എന്നീ രാജ്യങ്ങൾ കടന്നാണ് അദ്ദേഹം ലണ്ടനിലെത്തിയത്.
തന്റെ ബിസിനസ് തിരക്കുകളിൽ നിന്നും മൂന്നു വർഷം മുമ്പ് വിരമിച്ച അമർജീത് 40 വർഷം മുമ്പത്തെ ആഗ്രഹമാണ് പൂർത്തികരിച്ചത്. മൂന്ന് മാസത്തെ പരിശ്രമത്തിനു ശേഷമാണ് യാത്രയ്ക്കു വേണ്ടിയുള്ള രേഖകളും മറ്റും ശരിയായത്.
“1979ൽ ഇന്ത്യയിലേക്ക് യാത്ര പോകുവാൻ തയാറായിരുന്ന ഒരു ദമ്പതികളെ ഞാൻ കണ്ടു. അന്നെനിക്ക് 20 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. യാത്രയെ കുറിച്ചുള്ള അവരുടെ വിവരണം കേട്ട എനിക്ക് ഈ ലോകം മുഴുവൻ സഞ്ചരിക്കണമെന്ന മോഹം അന്ന് മനസിൽ കടന്നു കൂടിയതാണ്’. അമർജീത് പറയുന്നു.
“സുഹൃത്തിനൊപ്പം ബൈക്കിൽ ജർമനിയിലേക്ക് യാത്ര ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്നാൽ ഈ കാര്യത്തെക്കുറിച്ച് അച്ഛനോട് പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചില്ല. എന്നാൽ യാത്രയെന്ന ആഗ്രഹം എന്റെ മനസിൽ നിന്നും വിട്ടുപോയില്ല. വർഷങ്ങൾക്കു ശേഷം ബിസിനസ് ഭാരം മകനെ ഏൽപ്പിച്ച എനിക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇതെ തുടർന്നാണ് പണ്ടേ മനസിൽ കടന്നു കൂടിയ യാത്രയെ കുറിച്ച് ഞാൻ വീണ്ടും ചിന്തിച്ചത്’. അമർജീത് പറഞ്ഞു.
എന്റെ ആഗ്രഹത്തെക്കുറിച്ചു പറഞ്ഞപ്പോൾ കുടുംബാംഗങ്ങളുടെ പൂർണപിന്തുണ എനിക്ക് ലഭിച്ചു. “പപ്പാ, നിങ്ങൾ ഒന്നിനെക്കുറിച്ചും ഓർത്ത് പേടിക്കേണ്ട.നിങ്ങളുടെ സ്വപ്നം നിങ്ങൾ സാക്ഷാത്ക്കരിക്കണമെന്ന് എന്റെ മകൻ പറഞ്ഞു’.
വർഷങ്ങൾക്കു മുമ്പ് യാത്രയെന്ന ലഹരി എന്റെ മനസിൽ നിറച്ച ആ ദമ്പതികളെ ഞാൻ അവരുടെ വീട്ടിൽ പോയി കണ്ടിരുന്നു. അവരെ കണ്ടെത്താൻ അൽപ്പം ബുദ്ധിമുട്ടിയിരുന്നുവെങ്കിലും അവരുടെ പേര് എനിക്ക് ഓർമയുണ്ടായിരുന്നു. ഞാൻ അവരെ തേടി എത്തുമെന്ന് അവർക്ക് യാതൊരു പ്രതീക്ഷിയുമില്ലായിരുന്നു. അമർജീത് പറഞ്ഞു.
ബിസിനസിന്റെ ഭാഗമായി താൻ മിക്ക രാജ്യങ്ങളിൽ പോയിട്ടുണ്ടെങ്കിലും ഈ യാത്ര തന്ന അനുഭവം വളരെ മികച്ചതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പ്രായത്തിന്റേതായ ബുദ്ധിമുട്ടുകൾ യാത്രയിൽ അദ്ദേഹത്തെ അലട്ടിയിരുന്നു. ഭക്ഷണമായിരുന്നു പ്രധാന പ്രശ്നം. വെജിറ്റേറിയനായ അമർജീത്തിന് ഓരോ സ്ഥലങ്ങളിലും ചെല്ലുമ്പോൾ അവിടുത്തേതായ ഭക്ഷണവുമായി പൊരുത്തപ്പെട്ടുപോകുവാൻ ലേശം ബുദ്ധിമുട്ടിയിരുന്നു.
യാത്രയ്ക്കിടയിൽ ഹോളിവുഡ് സൂപ്പർതാരം അർണോൾഡ് ഷ്വാസ്നെഗറിനെ പരിചയപ്പെടാനും അമർജീത്തിന് കഴിഞ്ഞു. കൂടാതെ പല സ്ഥലങ്ങളിൽ നിന്നുമുള്ള ആളുകളുമായി ഇടപെഴകാനും അവരുടെ ജീവിത സാഹചര്യങ്ങൾ കണ്ടു മനസിലാക്കുവാനും സാധിച്ചത് വളരെ വലിയ അനുഗ്രഹമായി കാണുന്നുവെന്ന് അമർജീത് പറയുന്നു.