തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിൽ കൃത്യവിലോപം നടത്തിയെന്ന കാരണത്താൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ.
പാളയം മുതൽ തന്പാനൂർ വരെ ആമയിഴഞ്ചാൻ തോടുകളുടെ ശുചീകരണ ചുമതലയുണ്ടായിരുന്ന സെക്രട്ടേറിയറ്റ് സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ കെ.ഗണേഷനെയാണ് കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ സസ്പെൻഡ് ചെയ്തത്. കോർപറേഷൻ നിയോഗിച്ച ആഭ്യന്തര അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
ആമയിഴഞ്ചാൻ തോടിൽ മാലിന്യങ്ങൾ അടിഞ്ഞ് കൂടുന്ന മുറയ്ക്ക് യഥാസമയം മാലിന്യം നീക്കം ചെയ്യുന്നതിലും സ്വകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള കക്കൂസ് മാലിന്യം തോടിൽ തള്ളിയതിനെതിരെ നടപടിയെടുക്കാത്തതും ഉൾപ്പെടെ ഗണേഷ് കൃത്യവിലോപം കാട്ടിയെന്നാണ് ആഭ്യന്തര അന്വേഷണ കമ്മിറ്റി റിപ്പോർട്ട് നൽകിയത്.
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ജോയി എന്ന ശുചീകരണ തൊഴിലാളി മരിച്ച സംഭവം ഏറെ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ റെയിൽവേയുടെ ഭാഗത്തെ വീഴ്ചയാണെന്നും കോർപറേഷന് ബന്ധമില്ലെന്നുമായിരുന്നു മേയറുടെ വാദം.
അതേസമയം സംസ്ഥാനത്തു മാലിന്യ പ്രശ്നം അതിരൂക്ഷമായ സാഹചര്യത്തിൽ പരിഹാര നിർദേശങ്ങൾ തേടി സർക്കാർ സർവകക്ഷിയോഗം വിളിച്ചു. ജനകീയ കാന്പയിനായി മാലിന്യമുക്ത പരിപാടി ഏറ്റെടുക്കാൻ ആലോചിക്കാനുള്ള യോഗം 27ന് ഉച്ചകഴിഞ്ഞ് 3.30നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരും.