സാവോപോളോ: ലോകത്തെ ഏറ്റവു വലിയ നിത്യഹരിത വനമേഖലയാണ് ആമസോണ്‍ മഴക്കാടുകൾ.
ഭൂമിയുടെ ശ്വാസകോശമായി കണക്കാക്കുന്ന ആമസോൺ മഴക്കാടുകൾ ഇപ്പോൾ വൻ ഭീഷണി നേരിടുകയാണ്. ആമസോണിലെ വനനശീകരണം 15 വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന തോതിൽ എത്തിനിൽക്കുന്നു.
ആമസോണ്‍ ഉള്‍ക്കൊള്ളുന്ന ബ്രസീലിലെ ദേശീയ ബഹിരാകാശ ഏജന്‍സിയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
മുൻവർഷത്തെ അപേക്ഷിച്ചത് ആമസോണിലെ വനനശീകരണം 22 ശതമാനമാണ് വർധിച്ചത്. 2020-2021 കാലയളവിൽ 13,235 ചതുരശ്ര കിലോമീറ്റർ വനമേഖല ആമസോണിൽ നിന്ന് അപ്രത്യക്ഷമായി.
2019 ജനുവരിയിൽ ജെയർ ബോൾസോനാരോ ബ്രസീൽ പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷമാണ് മഴക്കാടുകൾ കൂടുതലായി നശിപ്പിക്കപ്പെട്ടതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
വനനശീകരണവും കൈയേറ്റവും കൂടെ അടിക്കടിയുണ്ടാകുന്ന കാട്ടുതീയും മഴക്കാടുകൾക്ക് വൻ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
ലോകത്ത് ഉൽപാദിപ്പിക്കപ്പെടുന്ന കാര്‍ബണിന്റെ വലിയൊരു ശതമാനം സ്വീകരിച്ച് ഉള്ളിലൊതുക്കുന്നത് ഈ നിത്യഹരിത വനമേഖലയാണ്.
ആഗോള കാലാവസ്ഥയില്‍ ആമസോണിന്റെ പങ്ക് നേരത്തെ തന്നെ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലോകത്തിന്റെ ശ്വാസകോശമായി പ്രവര്‍ത്തിക്കാനുള്ള ആമസോണിന്റെ ശേഷിയെ കൂടി ദുര്‍ബലപ്പെടുത്തുകയാണ് വനനശീകരണം.