ആമസോണ്‍ ചതിച്ചാശാനേ ! ഓര്‍ഡര്‍ ചെയ്ത സ്മാര്‍ട്ട് ഫോണ്‍ വന്നപ്പോള്‍ സന്തോഷിച്ചു; എന്നാല്‍ പെട്ടിപൊട്ടിച്ചപ്പോള്‍ കണ്ട കാഴ്ച മാരകമായിപ്പോയി

ഓണ്‍ലൈന്‍ ഷോപ്പിംഗ് വ്യവസായം ഇന്ത്യയില്‍ പൊടിപൊടിക്കുകയാണ്. അമേരിക്കന്‍ കമ്പനിയായ ആമസോണും ഇന്ത്യയുടെ സ്വന്തം ഫ്‌ളിപ്കാര്‍ട്ടുമാണ് ഇക്കാര്യത്തില്‍ മുമ്പന്മാര്‍. കുറച്ച വില, കൂടുതല്‍ സെലക്ഷന്‍, സാധനം വീട്ടില്‍ വരും തുടങ്ങിയ കാര്യങ്ങളാണ് ആളുകളെ ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് ആകര്‍ഷിക്കുന്നത്. എന്നിരുന്നാലും ചിലര്‍ക്കെങ്കിലും മോശമേറിയ അനുഭവങ്ങള്‍ ഉണ്ടാവാറുണ്ട്. ആമസോണ്‍ വഴി ഒരു മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഡല്‍ഹിക്കാരന്‍ ചിരാഗ് ധവാന്‍ അത്തരം ഒരാളാണ്.

സെപ്റ്റംബര്‍ 7 നു ആമസോണ്‍ വഴി ഒരു മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തതായിരുന്നു ഇയാള്‍. കൃത്യം സെപ്റ്റംബര്‍ 11നു തന്നെ സാധനം കൈയ്യില്‍ കിട്ടിയപ്പോള്‍ ചിരാഗ് ഒന്നു സന്തോഷിച്ചു. എന്നാല്‍ പെട്ടിപൊട്ടിച്ചതോടെ ചിരാഗിന്റെ മുഖം കാറ്റു കുത്തിവിട്ട ബലൂണ്‍ പോലെയായി. പെട്ടിയില്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. പകരം ഉണ്ടായിരുന്നതാവട്ടെ മൂന്ന് ബാര്‍ അലക്കുസോപ്പ്. ‘അങ്ങനെ ജോലി കഴിഞ്ഞു വൈകുന്നേരം ഒരു ഒമ്പതു മണിയോടെ വീട്ടിലെത്തി പെട്ടി തുറന്ന ഞാന്‍ ഞെട്ടിപ്പോയി.. ഫോണിന് പകരം പെട്ടിയിലതാ മൂന്നു ‘ഫെന്ന ഡിറ്റര്‍ജന്റ്’ സോപ്പുകള്‍ അവര്‍ അയച്ചിരിക്കുന്നു’ എന്നിങ്ങനെ ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി.

ചിരാഗ് സെപ്റ്റംബര്‍ 11 നു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. 30,000നു മേലെ ലൈക്കുകളും 2600നു മേലെ ഷെയറുകളും ഈ പോസ്റ്റിനു ലഭിക്കുകയുണ്ടായി. എന്തായാലും ഉടന്‍ തന്നെ ആമസോണ്‍ അയാള്‍ക്ക് വേറെ ഫോണ്‍ അയച്ചു കൊടുക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. പ്രശ്‌നം ആമസോണിന്റെ ഉന്നത തലത്തില്‍ എത്തിയതോടെ കാര്യങ്ങള്‍ ഉടനടി തന്നെ പരിഹരിക്കുകയായിരുന്നു. ധവാന്‍ കൂട്ടിച്ചേര്‍ത്തു. ആമസോണില്‍ ഇതിനു മുമ്പും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. അന്നും ഇതുപോലെ ഓര്‍ഡര്‍ ചെയ്ത വസ്തുക്കള്‍ അയച്ചുകൊടുത്താണ് ആമസോണ്‍ പരിഹരിച്ചിട്ടുള്ളത്.

 

Related posts