വാഷിംഗ്ടണ്‍ ഡിസി; ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. കമ്പനിയുടെ വോയിസ് അസിസ്റ്റന്റ് സര്‍വീസായ അലക്സയില്‍ നിന്നുമാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ജനറേറ്റീവ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
ഇക്കാരണത്താലാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതെന്നാണ് സൂചന. അലക്സയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ എത്ര പേരെ പിരിച്ചുവിടുമെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഹ്യുമന്‍ റിസോഴ്സ് ഉള്‍പ്പടെയുള്ള വിഭാഗങ്ങളില്‍ നിന്നും ഒട്ടേറെ ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിട്ടിരുന്നു.
മ്യൂസിക്ക്, ഗെയിമിംഗ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാരെയും കമ്പനി വെട്ടിക്കുറച്ചിട്ടുണ്ട്. കമ്പനിയുടെ ഡിവൈസസ് ആന്റ് സര്‍വീസസ് ബിസിനസില്‍ നിന്നും കാര്യമായ ലാഭമുണ്ടാകുന്നില്ലെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.
അലക്സയെന്ന വോയിസ് അസിസ്റ്റന്റിനെ അവതരിപ്പിച്ചിട്ട് ഒരു ദശാബ്ദത്തോട് അടുക്കുമ്പോഴും ഇതില്‍ കാലത്തിന് അനുസരിച്ചുള്ള അപ്ഡേഷനുകള്‍ കാര്യമായി വന്നിട്ടില്ലെന്ന് അഭിപ്രായമുയര്‍ന്നിരുന്നു.