ബംഗളൂരു: കേന്ദ്ര സർക്കാരിന്റെ പുതിയ വിദേശനിക്ഷേപ നിയമങ്ങൾക്കെതിരേ പുതിയ നീക്കവുമായി ആമസോൺ ഇന്ത്യ. വിദേശ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് നിക്ഷേപമുള്ള കമ്പനികളുടെ ഉത്പന്നങ്ങൾ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി വിൽക്കാൻ കഴിയില്ലെന്ന കേന്ദ സർക്കാർ നിലപാട് മൂലം നിരവധി ഉത്പന്നങ്ങൾ വെബ്സൈറ്റിൽനിന്ന് ഈ മാസം ആദ്യം ആമസോൺ നീക്കം ചെയ്തിരുന്നു.
ഇതോടെ ഉത്പന്നങ്ങളുടെ എണ്ണം ഗണ്യമായി താഴ്ന്നു. ഒപ്പം വില്പനയും ഇടിഞ്ഞു. ഇതാണ് പുതിയ നീക്കത്തിന് ആമസോൺ മുതിർന്നത്. ആമസോണിന് നിക്ഷേപമുണ്ടായിരുന്ന ഏറ്റവും വലിയ സെല്ലറായ ക്ലൗഡ്ടെയ്ലുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് കേന്ദ്ര സർക്കാരുമായുള്ള യുദ്ധത്തിന് തുടക്കം കുറിച്ചത്.
ബന്ധം അവസാനിപ്പിച്ചതോടെ വ്യാഴാഴ്ച അർധരാത്രി മുതൽ ക്ലൗഡ് ടെയ്ലിന്റെ ഉത്പന്നങ്ങൾ ആമസോണിൽ പ്രത്യക്ഷപ്പെട്ടു. ക്ലൗഡ് ടെയ്ലിൽ ആമസോണിനുണ്ടായിരുന്ന 25 ശതമാനം ഓഹരികൾ പ്രയോൺ ബിസിനസ് സർവീസസിന് വിറ്റു.
കോടീശ്വരൻ നാരായണമൂർത്തിയുടെ കാത്തമാരൻ അഡ്വൈസേഴ്സിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് പ്രയോൺ ബിസിനസ് സർവീസസ്. ഇതോടെ പ്രയോണിന് 76 ശതമാനം ഓഹരികളായി. ശേഷിക്കുന്ന 24 ശതമാനം ഓഹരികൾ ആമസോണിന്റെ ഇന്ത്യൻ വിഭാഗവുമായി ബന്ധമില്ലാത്ത അമസോൺ ഏഷ്യ പസഫിക് റിസോഴ്സിന്റെ ഉടമസ്ഥതയിലാണ്.