ഓണ്‍ലൈന്‍ ഭക്ഷണവിതരണ രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി ആമസോണും. ഇന്ത്യയിലാണ് ആമസോണിന്റെ പുതിയ പരീക്ഷണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ രംഗത്ത് ഉണ്ടായ വിപണിയുടെ വളര്‍ച്ചയാണ് ആമസോണും ഈ മേഖലയിലേക്ക് കടന്നുവരുന്നതിന് കാരണം. പുതിയ കമ്പനി ഈ വര്‍ഷം ഉണ്ടാകും എന്നാണ് പുറത്തുവരുന്ന സൂചനകള്‍. ബുക്ക് ചെയ്താല്‍ ബുക്കും, വസ്ത്രങ്ങളും , മൊബൈല്‍ഫോണും പാഴ്‌സല്‍ എത്തുന്നപോലെ ഇനി ഭക്ഷണവും എത്തും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണരംഗത്ത് ഉണ്ടായ വളര്‍ച്ചയാണ് കമ്പനിയെ ഈ മേഖലയിലേക്ക് ഒരു കൈനോക്കാന്‍ പ്രേരിപ്പിക്കുന്നത്. പുതിയ കമ്പനിക്കു പകരം നിലവില്‍ മികച്ച വിപണിവിഹിതമുളള യൂബര്‍ ഈട്‌സിനെ ഏറ്റെടുക്കാന്‍ ആമസോണ്‍ തയ്യാറാകും എന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇരുകമ്പനികളും അത് നിഷേധിച്ചു. നിലവില്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുമായി ചേര്‍ന്നുളള പുതിയ സംരഭത്തിനാണ് ആമസോണിന്റെ ശ്രമം സെപ്റ്റംബറോെട ഇന്ത്യയിലെ നഗരമേഖലകളില്‍ ഭക്ഷണപൊതികളുമായി ആമസോണിന്റെ വാഹനങ്ങളും പായും എന്നാണ് റിപ്പോര്‍ട്ട്.
മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയാണ് ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണരംഗത്ത് മുന്നേറ്റത്തിന് കാരണം . 2018ല്‍മാത്രം 176ശതമാനം വളര്‍ച്ചയാണ് വിപണിയില്‍ ഉണ്ടായത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുളളില്‍ സൊമാറ്റോ,സ്വഗ്ഗി അടക്കുമുളള ബ്രാന്റുകള്‍ വന്നതിനൊപ്പം തൊഴില്‍ സാധ്യതയുളള മേഖലയും ആയി ഭക്ഷണവിതരണ രംഗം മാറി. ഇ കൊമേഴ്‌സ് രംഗത്ത് മത്സരം വല്ലാതെ മുറുകുന്ന സാഹചര്യത്തില്‍ പുതിയ നമ്പരിറക്കിയെങ്കിലേ പിടിച്ചു നില്‍ക്കാനാവൂ എന്ന ചിന്തയിലാണ് ആമസോണിന്റെ ഈ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭക്ഷണ വിതരണ രംഗത്ത് ആമസോണ്‍ കൂടി വരുന്നതോടെ മത്സരം കടുക്കുമെന്നുറപ്പ്.