തൃശൂർ: തൊഴിലവസരങ്ങളിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ആമസോണ്‍ ഇന്ത്യ, സംസ്ഥാനത്ത് വനിതകൾ മാത്രമുള്ള ഡെലിവറി സ്റ്റേഷനുകൾ ആരംഭിക്കും.
ഇതിന്റെ ഭാഗമായി കൊടുങ്ങല്ലൂരിലും ആറ·ുളയിലും വനിതകൾ മാത്രമുള്ള രണ്ട് ഡെലിവറി സ്റ്റേഷനുകൾ ആരംഭിച്ചു. ഡെലിവറി സർവീസ് പാർട്ണർമാർ (ഡിഎസ്പി) നടത്തുന്ന ഈ സ്റ്റേഷനുകളിൽ അന്‍പതിലേറെ സ്ത്രീകൾക്ക് തൊഴിൽ ലഭിക്കും.
ആമസോണ്‍ ഉപഭോക്താക്കൾക്ക് പാക്കേജുകൾ എത്തിക്കുന്നതിനായി ആമസോണ്‍ ഇന്ത്യ ചെറുകിട, ഇടത്തരം ബിസിനസുകളുമായി പങ്കാളികളാകുന്ന ലാസ്റ്റ് മൈൽ ഡെലിവറി മോഡലാണ് ഡിഎസ്പി പ്രോഗ്രാം. ഈ കേന്ദ്രങ്ങളുടെ പ്രവർത്തനം പൂർണമായും സ്ത്രീകളുടെ നിയന്ത്രണത്തിലാണ്.
ഉപഭോക്തൃ സേവനം, പാക്കേജുകൾ കൈകാര്യം ചെയ്യൽ, സാങ്കേതികവിദ്യ, സുരക്ഷ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇവർക്കു പരിശീലനം നല്‍കിയിട്ടുണ്ട്.
ആയിരക്കണക്കിന് സ്ത്രീകൾക്ക് ആമസോണ്‍ തൊഴിലവസരം ലഭ്യമാക്കിയിട്ടുണ്ടെന്ന് ആമസോണ്‍ ഇന്ത്യാ ലാസ്റ്റ് മൈൽ ഓപ്പറേഷൻസ് ഡയറക്ടർ പ്രകാശ് റോച്ച് ലാനി പറഞ്ഞു.