മുംബൈ: രാജ്യത്തു മദ്യത്തിന്റെ ഹോം ഡെലിവെറി ഏറ്റെടുക്കാൻ അമേരിക്കൻ ഇ-കൊമേഴ്സ് വന്പൻ ആമസോണും. പശ്ചിമബംഗാളിൽ, മദ്യം ആവശ്യക്കാരുടെ വീട്ടിലെത്തിക്കാനുളള അനുമതി സംസ്ഥാന സർക്കാരിൽനിന്ന ് ആമസോണ്‍ നേടിയെടുത്തതായാണ് റിപ്പോർട്ടുകൾ. ആലിബാബയുടെ നിക്ഷേപമുള്ള ബിഗ് ബാസ്കറ്റും അനുമതി നേടിയ കന്പനികളിൽപ്പെടുന്നു.
അതേസമയം, ഇരുകന്പനികളും ഇതു സംബന്ധിച്ച് ഒൗദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. രാജ്യത്തു പടിപടിയായി ചുവടുറപ്പിക്കുന്ന ആമസോണിന്റെ പുതുനീക്കം കന്പനിക്കു വലിയ വരുമാനം നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടു പോകുന്നത്.
ലോക്ക് ഡൗണിൽ സാന്പത്തിക പ്രതിസന്ധിയിലായ പല സംസ്ഥാനങ്ങളും കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മദ്യവിതരണം ഹോം ഡെലിവറിയിലൂടെ നടത്താനുള്ള തയാറെടുപ്പിലാണ്.
ഈ അവസരം മുതലെടുക്കാനുറച്ചാണ് ആമസോണ്‍ ഉൾപ്പെടെയുള്ള കന്പനികളുടെ നീക്കം. പ്രമുഖ ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പുകളായ സ്വിഗ്ഗിയും സൊമാറ്റോയും കഴിഞ്ഞ മാസം മുതൽ ഏതാനും നഗരങ്ങളിൽ മദ്യത്തിന്റെ ഹോം ഡെലിവറി ആരംഭിച്ചിരുന്നു.