ന്യൂയോർക്ക്: ഒരു ദിവസം ആമസോൺ പൂട്ടും; കന്പനി പാപ്പരാകും. പറയുന്നതു മറ്റാരുമല്ല, ജെഫ് ബെസോസ് തന്നെ. ഇ കൊമേഴ്സിലെ ആഗോള ഒന്നാം നന്പറായ ആമസോണിന്റെ സ്ഥാപകനും ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജെഫ് ബെസോസ്.
കന്പനിയിലെ ജീവനക്കാരുമായുള്ള ഒരു മീറ്റിംഗിലായിരുന്നു ഈ പ്രസ്താവന. സിയേഴ്സ് എന്ന റീട്ടെയിൽ ശൃംഖല ഈയിടെ പാപ്പർ ഹർജി നൽകിയിരുന്നു. ഏതാനും ദശകം മുന്പ് ലോകത്തെ ഏറ്റവും വലിയ ചില്ലറവ്യാപാര ശൃംഖലയായിരുന്നു സിയേഴ്സ്.
ഒരുലക്ഷം കോടി ഡോളറിനടുത്ത് വിപണിമൂല്യമുള്ള ആമസോണിന്റെ സ്ഥാപകൻ ഇതേപ്പറ്റി പറഞ്ഞത് ഇതാണ്: “ആമസോണും തകരാൻവയ്യാത്തത്ര വലുതല്ല. ഞാൻ പറയുന്നു, ഒരുനാൾ ആമസോൺ പരാജയപ്പെടും. ആമസോൺ പാപ്പരാകും. വലിയ കന്പനികളെ നോക്കുക. മുപ്പതുവർഷത്തിൽ അല്പം കൂടുതലേ അവയ്ക്ക് ആയുസുള്ളൂ. നൂറുകണക്കിനു വർഷങ്ങൾ ഇല്ല.’’
തകർച്ച ഒഴിവാക്കാൻ കന്പനി ചെയ്യേണ്ട കാര്യവും ബെസോസ് പറഞ്ഞു: ഉപയോക്താവിനെ മാത്രം ശ്രദ്ധിക്കുക. കന്പനി ഉള്ളിലേക്കു നോക്കുന്ന അബദ്ധം ഒഴിവാക്കുക. ഉപയോക്താവിനു പകരം കന്പനിയെപ്പറ്റി ചിന്തിക്കുന്ന ദിവസം അന്ത്യത്തിന്റെ ആരംഭം കുറിച്ചിരിക്കും. ആ ദിവസം എത്ര അകലെയാക്കാമോ അത്രയും ആയുസ് നീട്ടിക്കിട്ടും.’’’’ ലോകത്തിലെ ഏറ്റവും സന്പന്ന വ്യക്തിയായ ബെസോസ് പറഞ്ഞു.
54 വയസുള്ള ബെസോസിന്റെ സന്പത്ത് 15,100 കോടി ഡോളർ (10.91 ലക്ഷം കോടി രൂപ) വരും. ഇന്ത്യയുടെ പ്രത്യക്ഷനികുതിവരുമാനത്തോളം വരുന്ന തുകയാണിത്.