വാഷിംഗ്ടൺ: ശതം സഹസ്രമാകുന്പോൾ മുന്നിലുള്ളവർ വഴിമാറും! ലോക കോടീശ്വര പട്ടികയിൽ ഒന്നാം സ്ഥാനമായിരുന്ന ബിൽ ഗേറ്റ് ഇനി രണ്ടാം സ്ഥാനത്തു മാത്രം. ബിൽ ഗേറ്റ്സിനെ മറികടന്ന് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ലോക കോടീശ്വരന്മാരിൽ ഒന്നാമതെത്തി. ഇന്നലെ ആമസോണിന്റെ ഓഹരിവില 1.6 ശതമാനം ഉയർന്നതാണ് ഈ നേട്ടത്തിനു പിന്നിൽ. ഇന്നലെ മാത്രം 140 കോടി ഡോളറിന്റെ വർധനയാണ് ആമസോണിന്റെ ഓഹരികൾക്കുണ്ടായത്.
ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡെക്സിൽ 2013 മുതൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സായിരുന്നു ഒന്നാമത്. 9,000 കോടി ഡോളറിന് അല്പം മുകളിലാണ് ബിൽ ഗേറ്റ്സിന്റെ ആസ്തി. ബുധനാഴ്ചവരെ 8,990 കോടി ഡോളർ ആസ്തിയായിരുന്നു ബെസോസിന്. ആമസോണിന്റെ ഓഹരികൾക്ക് ഇന്നലെ 140 കോടി ഡോളർകൂടി വർധിച്ചതോടെ 9,130 കോടി ഡോളറിന്റെ (5,85,146 കോടി രൂപ) ആസ്തിയുമായി ബെസോസ് ഒന്നാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു. അതേസമയം, മൈക്രോസോഫ്റ്റ് സ്ഥാപകന്റെ ആസ്തിയിൽ മാറ്റമില്ല.
ആമസോൺ ഡോട്ട് കോമിന്റെ സ്ഥാപകനും ആമസോണിന്റെ ഇ-കൊമേഴ്സ് വ്യാപാരശൃംഖലയിൽ 17 ശതമാനം ഓഹരിയുമുള്ള ബെസോസ് അടുത്തിടെ ആമസോണിന്റെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം അവതരിപ്പിച്ചിരുന്നു. ഈ പ്ലാറ്റ്ഫോമിന്റെ ഓഹരികൾക്ക് ഒറ്റ ദിവസംകൊണ്ട് 15 ഡോളർ വർധിച്ചു. കൂടാതെ, കഴിഞ്ഞ മാസം ഗ്രോസറി ശൃംഖലയായ ഓൾ ഫുഡ്സ് മാർക്കറ്റിനെ വാങ്ങുകയും ചെയ്തിരുന്നു. ഇതും ബെസോസിന്റെ ഗ്രാഫ് ഉയർത്തി.
കേവലം ഒരു ദിവസത്തേക്കു മാത്രമായിരിക്കില്ല കോടീശ്വര പട്ടികയിൽ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്തിരിക്കുക എന്നാണ് വിലയിരുത്തൽ. മൈക്രോസോഫ്റ്റിന്റെ ഓഹരികൾ ഉയർന്നെങ്കിലോ ആമസോണിന്റെ ഓഹരികൾ താഴ്ന്നെങ്കിലോ മാത്രമേ ഇനിയൊരു സ്ഥാനചലനത്തിനു സാധ്യതയുള്ളൂ. എന്നാൽ, ഉടനെയൊന്നും അത്തരത്തിലൊരു സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
22 വർഷം മുന്പ് തന്റെ ഗരാഷിൽ പുസ്തകങ്ങൾ വില്പനയ്ക്കു വച്ചാണ് ജെഫ് ബെസോസ് ബിസിനസ് ജീവിതം ആരംഭിക്കുന്നത്. കഴിഞ്ഞ 30 വർഷമായി കോടീശ്വര പട്ടികയിലും ഏഴു വർഷമായി ഒന്നാം സ്ഥാനത്തുമുള്ള ബിൽ ഗേറ്റ്സിനെ മറികടന്ന ആദ്യവ്യക്തിയാണ് ജെഫ്.
20 വർഷമായി ശതകോടീശ്വര പട്ടികയിലുള്ള ബെസോസിനെ 1998ലാണ് കോടീശ്വര പട്ടികയിലേക്ക് ഫോബ്സ് പരിഗണിക്കുന്നത്. അന്ന് 160 കോടി ഡോളറായിരുന്നു ആസ്തി. പിന്നീട് 2007ൽ 440 കോടി ഡോളറായും 2012ൽ 1,840 കോടി ഡോളറായും ഉയർന്നു.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ആമസോണിന്റെ ഓഹരികൾക്ക് മികച്ച മുന്നേറ്റമുണ്ടായി. കമ്പനിയുടെ 17 ശതമാനം (7.99 കോടി) ഓഹരികൾ കൈവശമുള്ള ബെസോസിന്റെ ആസ്തിയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 7,000 കോടി ഡോളറിന്റെ വർധനയുണ്ടായി. ഇതിൽ 4,500 കോടി ഡോളറും കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിലാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ആസ്തി വർധനയാണിത്.
ഇന്റൽ ഔട്ട്, സാംസംഗ് ഇൻ
സിയൂൾ: ഇനി ഇന്റൽ ഇൻസൈഡ് അല്ല, സാംസംഗ് ഇൻസൈഡ് ആണ്. കംപ്യൂട്ടർ ചിപ് ബിസിനസിൽ ഇന്റലിനെ സാംസംഗ് പിന്നിലാക്കി.പ്രിൽ-ജൂൺ ത്രൈമാസത്തിൽ സാംസംഗിന്റെ സെമി കണ്ടക്ടർ ബിസിനസ് 1580 കോടി ഡോളർ. ഇന്റലിന്റേത് 1440 കോടി ഡോളർ.
കാൽ നൂറ്റാണ്ടായി ഒന്നാംസ്ഥാനത്തു നിന്ന അമേരിക്കൻ കന്പനി ഇന്റൽ കോർപറേഷൻ മൊബൈലിലും ക്ലൗഡ് കംപ്യൂട്ടിംഗിലും സാംസംഗിനു പിന്നിൽ പോയതോടെയാണ് ഈ താഴ്ച. 1992ൽ ജപ്പാന്റെ എഇസിയെ പിന്നിലാക്കിയാണ് ഇന്റൽ ഒന്നാമതെത്തിയത്. കൊറിയൻ കന്പനിയായ സാംസംഗ് കഴിഞ്ഞ വർഷങ്ങളിൽ ചെറുകന്പനികളെ ഏറ്റെടുത്താണ് കംപ്യൂട്ടർ ചിപ് വിപണിയിൽ മുന്നോട്ടു കയറിയത്.