ആലക്കോട്: ആമസോൺ വാർഷിക വില്നയിൽ സ്വർണവളകൾ സമ്മാനം ലഭിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി അതുലഭിക്കുന്നതിനായി കൊറിയർ ചാർജ് അടയ്ക്കണമെന്നു ഫോണിൽ ആവശ്യപ്പെട്ടു മലയോരത്ത് വ്യാപക തട്ടിപ്പ്.
സ്വകാര്യവ്യക്തികളുടെ ഫോണിലേക്കു വിളിക്കുകയും ആമസോൺ വാർഷിക വില്നയിൽ നിങ്ങൾക്കു മെഗാസമ്മാനമായി സ്വർണവളകൾ ലഭിച്ചുവെന്നു മലയാളത്തിൽ പറഞ്ഞു ധരിപ്പിക്കുകയും ഇതിന്റെ കൊറിയർ ഫീസായി പോസ്റ്റ് ഓഫീസ് വഴി 600 രൂപ കൊറിയർ ചാർജ് അടയ്ക്കാനുമാണു നിർദേശം. പോസ്റ്റ് ഓഫീസിലെത്തി തുകയടച്ചു സാധനം കൈപ്പറ്റുന്നവർക്ക് ആമസോൺ ഓൺലൈൻ ഷോപ്പിംഗ് ബോക്സിന്റെ പേരിലുള്ള കവറിൽ നാലു സ്വർണവളകൾ ലഭിക്കുകയും ചെയ്തു.
ഈ വളകളിൽ സംശയം തോന്നിയപ്പോൾ പലരും ബാങ്കുകളിലെത്തി സ്വർണം പരിശോധിച്ചു. ബാങ്ക് അധികൃതർ എത്തിയവരോട് സ്വർണപ്പണിക്കാരെ സമീപിച്ചു പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടർന്നു നടന്ന പരിശോധനയിൽ വളകൾ സ്വർണമല്ലെന്നും പിച്ചള കൊണ്ടുള്ള വളകളാണെന്നും മനസിലായി.
ആമസോൺ പോലെ രാജ്യത്തെ പ്രമുഖ ഓൺലൈൻ കന്പനിയുടെ പേരും പോസ്റ്റ് ഓഫീസിൽ നടക്കുന്ന പണമിടപാടും ജനങ്ങൾക്കു സംശയത്തിനിട നൽകാതെ തട്ടിപ്പിന് ഇരയാവാൻ കാരണമാകുകയാണ്. ആമസോണിന്റെ പേരിലുള്ള കവറിലാണു സമ്മാനങ്ങൾ ലഭിച്ചതെങ്കിലും ഈ തട്ടിപ്പിനു പിന്നിൽ ആമസോൺ കന്പനിയാകില്ലെന്നു തന്നെയാണു ജനങ്ങളുടെ വിശ്വാസം.
തട്ടിപ്പിനു പിന്നിൽ മറ്റേതെങ്കിലും സംഘങ്ങളാണെന്നു സംശയിക്കുന്നു. പണം നൽകി കൊറിയർ കൈപ്പറ്റിയാൽ ഉടൻ വിളിച്ച നന്പർ പിന്നീട് സ്വിച്ച് ഓഫായിരുക്കും. അതിനാൽ തന്നെ തട്ടിപ്പ് സംഘം ചില്ലറക്കാരല്ലെന്നു വ്യക്തമാണ്.