ആലക്കോട്(കണ്ണൂർ): ആമസോൺ വാർഷിക വില്പനയുടെ പേരിൽ മലയോരത്ത് നടന്ന ഓൺലൈൻ തട്ടിപ്പിൽ കൂടുതൽ പേർ വഞ്ചിക്കപ്പെട്ടതായി വിവരം. സ്വർണവളകൾ, സ്വർണ കോയിൻ എന്നിങ്ങനെ ആളുകൾക്കു ബന്പർ സമ്മാനം ലഭിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
600 രൂപ മുതൽ 800 രൂപ വരെ പോസ്റ്റ് ഓഫീസ് മുഖേന അയയ്ക്കാനും ഇവരോട് ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പിനിരയായവർ ഈ തുക പോസ്റ്റ് ഓഫീസിൽ കൊറിയർ ചാർജായി നൽകിയാണ് സാധനം കൈപ്പറ്റിയത്. ആമസോൺ കന്പനിയുടെ പേരിലുള്ള കവറിൽ സ്വർണമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ആഭരണങ്ങളുള്ളത്.
ഇവ മുറിച്ചുനോക്കിയാൽ മാത്രമേ സ്വർണമല്ല പിച്ചളയാണെന്ന് വ്യക്തമാകൂ. സമ്മാനം ലഭിച്ച ഒരാൾ മലയോരത്തെ ഒരു ബാങ്കിൽ ഇവ പണയം വയ്ക്കാൻ ചെന്നു. എന്നാൽ വിദഗ്ധ പരിശോധനയിൽ ഇവ സ്വർണമല്ലെന്ന് മനസിലായി. രണ്ടു പവൻ മുതൽ നാലു പവൻ വരെയാണ് ആഭരണങ്ങളുള്ളത്.
പ്രമുഖ കന്പനിയായതിനാലും ആമസോണിന്റെ പേരിലായതിനാലും കൂടുതൽ പേർ തട്ടിപ്പിനിരയായി. മാനക്കേട് ഭയന്ന് പലരും പോയ കാശ് പോട്ടെയെന്ന് വിചാരിച്ച് പരാതി നൽകാൻ പോലും തയാറായില്ല.