വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള നാലാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി അന്പാടി റായുഡു ഇന്ത്യയുടെ നാലാം നന്പർ സ്ഥാനം ഉറപ്പി ച്ചിരിക്കുകയാണ്. കളിയിലെ താരമായ രോഹിത് ശര്‍മ നാലാം നമ്പറില്‍ ഇറങ്ങിയ റായിഡുവിന്റെ പ്രകടനത്തില്‍ വലിയ പ്രശംസയാണ് നല്‍കിയിരിക്കുന്നത്.
നാലാം ഏകദിനത്തിൽ രോഹിത്-റായിഡു സഖ്യം 211 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. നാലാം നമ്പറിന്റെ പ്രത്യേകതയെക്കുറിച്ച് ഇപ്പോഴോ ലോകകപ്പ് വരെയോ ആരും അന്വേഷിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ അമ്പാടി നാലാം നമ്പറിലെ ഇന്ത്യയുടെ പ്രശ്നത്തിനു പരിഹാരം കണ്ടെത്തിയെന്നാണ് കരുതുന്നതെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ പറഞ്ഞു.
രോഹിതിനൊപ്പം തുടക്കത്തില്‍ സാവധാനം കളിച്ച റായിഡു പിന്നീടു വിന്‍ഡീസ് ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം നേടി അനായാസം റണ്‍സ് സ്വന്തമാക്കിയ താരം ഏകദിനത്തിലെ മൂന്നാം സെഞ്ചുറി തികച്ചു.
2015 ലോകകപ്പിനുശേഷം ഇന്ത്യക്കായി ഒരു നാലാം നമ്പര്‍ താരം നേടുന്ന മൂന്നാമത്തെ സെഞ്ചുറിയാണ് റായുഡുവിന്റേത്. 2016ല്‍ ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയില്‍ മനീഷ് പാണ്ഡെ (പുറത്താകാതെ 104), 2017ല്‍ ഇംഗ്ലണ്ടിനെതിരെ കട്ടക്കില്‍ യുവരാജ് സിംഗ് (150) എന്നിവരാണ് ഇക്കാര്യത്തില്‍ റായിഡുവിന്റെ മുന്‍ഗാമികള്‍.
രണ്ടു വിക്കറ്റ് നഷ്ടമായതിന്റെ സമ്മര്‍ദം അറിഞ്ഞുകൊണ്ടാണ് റായിഡു കളിച്ചതെന്നും തനിക്കൊപ്പം കൂട്ടുകെട്ട് ഉണ്ടാക്കാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചതെന്നും 50 റണ്‍സ് പിന്നിട്ടശേഷമാണ് റായിഡു ഷോട്ടുകള്‍ കളിക്കാന്‍ തുടങ്ങിയതെന്നും ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു. റായിഡുവിനെ നേരത്തെ മുതല്‍ അറിയാമെന്നും കൂടാതെ ഇതുപോലുള്ള ഇന്നിംഗ്സ് അദ്ദേഹത്തിനു കളിക്കാനാകുമെന്നും രോഹിത് പറഞ്ഞു.
ശാരീരികക്ഷമത പരീക്ഷിക്കുന്നതിനുള്ള യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് റായിഡുവിന് ഇംഗ്ലണ്ട് പര്യടനത്തില്‍ പങ്കെടുക്കാനായിരുന്നില്ല.റായിഡുവിന്റെ പ്രകടനത്തില്‍ നായകന് വിരാട് കോഹ്ലിയും സന്തോഷവും സംതൃപ്തിയും രേഖപ്പെടുത്തി.
ബുദ്ധിമാനായ ബാറ്റ്സ്മാനെന്നാണ് റായിഡുവിനെ നായകന് വിശേഷിപ്പിച്ചത്. നാലാം നമ്പറില്‍ റായിഡു നായകന്റെ വിശ്വാസം കാത്തു. ലഭിച്ച അവസരം റായിഡു ഇരുകൈയും നീട്ടി സ്വീകരിക്കുന്ന റായിഡുവിന്റെ ഈ പ്രകടനം 2019 ലോകകപ്പ് കഴിയുന്നതുവരെ ആവശ്യമാണ്.
മത്സരഗതി നന്നായി നിര്‍ണയിക്കാന്‍ അദ്ദേഹത്തിനാകുന്നുണ്ടെന്നും നാലാം നമ്പറില്‍ ഒരു ബുദ്ധിമാനായ ബാറ്റ്സ്മാന് ഉള്ളത് സന്തോഷമാണെന്നും കോഹ്ലി പറഞ്ഞു. ഇന്ത്യ നാലാം നമ്പറില്‍ മികച്ചൊരു ബാറ്റ്സ്മാനെ തേടുമ്പോളാണ് റായിഡുവില്നിന്ന് നായകന്റെ വിശ്വാസം കാത്തുകൊണ്ടു മികച്ച പ്രകടനം പുറത്തുവരുന്നത്.
യോയോ ടെസ്റ്റ് വിജയിച്ച റായിഡു ഏഷ്യ കപ്പിനുള്ള ടീമില്‍ സ്ഥാനം പിടിച്ചു. ഏഷ്യ കപ്പില്‍ താരം മോശമാക്കിയില്ല. ഇതോടെ വിന്‍ഡീസിനെതിരേയുള്ള പരമ്പരയിലും ഇടംപിടിച്ചു. റായിഡു ആ വിളിയെ തീര്‍ത്തും ന്യായീകരിക്കുന്ന പ്രകടനം നടത്തുകയും ചെയ്തു.
വിദേശപിച്ചുകളില്‍ കളിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കാത്തത് റായിഡുവിന് തിരിച്ചടിയാണ്. ഇനിവരുന്ന ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് പര്യടനങ്ങളില്‍ തിളങ്ങാനായാല്‍ റായിഡു ഇന്ത്യക്കു നാലാം നമ്പറില്‍ വിശ്വസിക്കാവുന്ന ഒരു ബാറ്റ്സ്മാനാകും.