കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് വടകരയില്‍ പ്രചരിച്ച വിവാദ കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസിന്റെ ഡയറി അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിനു പുറമേയാണ് കേസ് ഡയറികൂടി ഹൈക്കോടതി ആവശ്യപ്പെട്ടത്. കേസ് അന്വേഷണത്തില്‍ ഇതുവരെയുണ്ടായ പുരോഗതി പോലീസ് ഹൈക്കോടതിയെ അറിയിക്കും.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എംഎസ്എഫ് ജില്ലാ സെക്രട്ടറി കെ.ടി. മുഹമ്മദ് കാസിം നല്കിയ ഹർജിയില്‍ പോലീസ് നല്കിയ സത്യവാങ്മൂലത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ശൈലജ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതായി വ്യക്തമാക്കിയിരുന്നു. പിന്നീട് നല്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വിവാദ പോസ്റ്റ് വന്ന ‘അമ്പാടിമുക്ക് സഖാക്കള്‍’ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന് മനീഷ് മനോഹരന് റെഡ് ബെറ്റാലിയന് വാട്സാപ് ഗ്രൂപ്പില്‍നിന്നാണ് ഇത് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
റെഡ് ബെറ്റാലിയന് ഗ്രൂപ്പില്‍ ഈ പോസ്റ്റിട്ട അമല്റാമിന് റെഡ് എന്‍കൗണ്ടേഴ്സ് ഗ്രൂപ്പില്‍നിന്നാണ് ലഭിച്ചതെന്നും അവിടെ പോസ്റ്റിട്ടത് ആര്.എസ്. റിബേഷാണെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. റിബേഷിന്റെയും ഇതേ രീതിയില്‍ പോസ്റ്റ് വന്ന മറ്റൊരു ഫേസ്ബുക്ക് പേജായ ‘പോരാളി ഷാജി’യുടെ അഡ്മിന് വഹാബിന്റെയും മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
കേസ് ഡയറിയും അന്വേഷണ പുരോഗതിയും പോലീസ് ഹാജരാക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കൂടിയാണ് ആര്.എസ്. റിബേഷ്. മുഹമ്മദ് കാസിമല്ല പോസ്റ്റുണ്ടാക്കിയതെന്ന് വ്യക്തമായതോടെ സമൂഹമാധ്യമ കമ്പനിയായ മെറ്റയോട് പോലീസ് വിവരം തേടിയിരുന്നു. എന്നാല്‍, വിവരം ലഭ്യമാക്കാത്തതിനാല്‍ ഫേസ്ബുക്ക് നോഡല്‍ ഓഫീസറും പ്രതിപ്പട്ടികയിലുണ്ട്.
തെരഞ്ഞെടുപ്പു കാലത്ത് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ടാണ് കാഫിര്‍ ഷോട്ട് പുറത്തുവന്നതെന്നാണ് യുഡിഎഫ് ആരോപണം. അതേസമയം, കാഫിര്‍ ഷോട്ട് സംബന്ധിച്ച യുഡിഎഫ് ആരോപണങ്ങളെ പ്രതിരോധിക്കാനാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. പോലീസ് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് അന്തിമമല്ലാതിരുന്നിട്ടും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി സിപിഎം നേതാക്കളെ വേട്ടയാടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.