കോട്ടയം: നേർച്ചപ്പെട്ടികൾ മാത്രം കുത്തിത്തുറന്ന് മോഷണം നടത്തുന്ന സംഘത്തെ തേടി പോലീസ് സംഘം. ഇന്നലെ നേർച്ചപ്പെട്ടികൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന പാന്പാടി വെള്ളൂർ കുന്നേപ്പീടിക വെള്ളാപ്പള്ളി ശ്രീരാഗിനെ (18) കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയിരുന്നു.
ഇയാളെ ചോദ്യം ചെയ്തതോടെയാണ് നേർച്ചപ്പെട്ടികൾ മാത്രം തകർത്ത് മോഷണം നടത്തുന്ന സംഘം കോട്ടയവും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിവരം പോലീസിന് ലഭിച്ചത്. അടുത്ത കാലത്തായി കോട്ടയം, ചങ്ങനാശേരി, കുമരകം പ്രദേശങ്ങളിൽ നിരവധി ആരാധനാലയങ്ങളുടെ നേർച്ചപ്പെട്ടികൾ കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു.
നാളുകൾക്കു മുന്പ് കളത്തിപ്പടി പൊൻപള്ളി സെന്റ് ജോർജ് പള്ളി, പുതുപ്പള്ളി കാരിമറ്റത്തുള്ള കപ്പേളയുടെ നേർച്ചപ്പെട്ടി എന്നിവർ മോഷണം നടത്തിയ കേസിലാണ് ശ്രീരാഗ് പിടിയിലായത്.
കുമരകത്ത് എസ്എൻഡിപി ഗുരുദേവ ക്ഷേത്രത്തിന്റെ നേർച്ചപ്പെട്ടി കുത്തിതുറന്ന് മോഷണം നടത്തിയതും ഇയാളുടെ സംഘത്തിൽപ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ സംഘത്തിൽപ്പെട്ടവർക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. കോട്ടയം ഈസ്റ്റ് എസ്എച്ചഒ പി.ടി. ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.