കുളത്തൂപ്പുഴ: മാസങ്ങള്‍ നിരവധി കഴിഞ്ഞിട്ടും അമ്പലക്കടവ് പാലത്തിന്റെ തകര്‍ന്ന സംരക്ഷണ ഭിത്തികള്‍ പുനര്‍നിര്‍മ്മിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. കുളത്തൂപ്പുഴ പഞ്ചായത്തിന്റ കിഴക്കന്‍ പ്രദേശങ്ങളായ ആറ്റിനു കിഴക്കേക്കര, ഡീസെന്റ്മുക്ക്, അമ്പതേക്കര്‍, ആമക്കുളം, ചെമ്പനഴികം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വില്ലുമല, രണ്ടാംമൈല്‍, പെരുവഴിക്കാല, കുളമ്പി, വട്ടകരിക്കം തുടങ്ങിയ ആദിവാസി കോളനികളില്‍ നിന്നും തോട്ടം മേഖലയായ കല്ലാര്‍, അമ്പനാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ക്ക് കുളത്തൂപ്പുഴ ടൗണിലേക്കെത്തുന്നതിനുള്ള പ്രധാന യാത്രാമാര്‍ഗമാണ് ശാസ്താ ക്ഷേത്രത്തിനു മുന്നിലുള്ള അമ്പലക്കടവ് പാലം.
കിഴക്കന്‍ വന മേഖലയെ തിരുവനന്തപും-ചെങ്കോട്ട് അന്തര്‍സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഇരുവശത്തുമുള്ള സംരക്ഷണ ഭിത്തികള്‍ വാഹനങ്ങളിടിച്ച് തകര്‍ന്നിട്ട് മാസങ്ങള്‍ നിരവധിയായി. പാലം ഉദ്ഘാടനത്തിന്റെ ശിലാഫലകമടക്കം ഇടിച്ചു തകര്‍ത്തിരുന്നു. തുടര്‍ന്ന് ഇടിഞ്ഞുവീണ കല്ലുകള്‍ വീണ്ടുമടുക്കി വച്ചുവെങ്കിലും സംരക്ഷണ ഭിത്തി സുരക്ഷിതമാക്കാന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ തയ്യാറായില്ല.
ഇതിനിടെ കഴിഞ്ഞ തവണ പാലത്തിന്റെ കൈവരികള്‍ സിമന്റ് പൂശി പെയിന്റ് ചെയ്തപ്പോള്‍ പോലും സംരക്ഷണ ഭിത്തി പുനര്‍നിര്‍മ്മിച്ച് യാത്രികരുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ തയ്യാറായില്ല. ആള് തിരക്കേറുന്ന വിഷു ഉത്സവങ്ങള്‍ക്കും ശബരിമല സീസണിനു മുന്നോടിയായി നാട്ടുകാര്‍ ഇടപെട്ട് കമ്പും മുളയും ഉപയോഗിച്ച് യാത്രികര്‍ താഴ്ചയിലേക്ക് വീഴാതിരിക്കാനുള്ള സുരക്ഷ താല്കാലികമായി ഒരുക്കുകയായിരുന്നു. ഇപ്പോഴും ഇതു തന്നെയാണ് അവസ്ഥയും.
ഇതിനിടെ 2016 ജൂലൈയില്‍ കേരള സര്‍ക്കാര്‍ ബജറ്റില്‍ കുളത്തൂപ്പുഴ അമ്പലക്കടവില്‍ സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കുന്നതിന് പത്ത് കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിക്കുകയും അതിന്റെ പ്രാരംഭ നടപടികള്‍ മണ്ണ് പരിശോധനയില്‍ നടത്തുകയും ചെയ്തു. മൂന്നു വര്‍ഷമാകാറായിട്ടും തുടര്‍ നടപടികള്‍ ഫയലിലുറങ്ങുകയാണ്.
പുതിയ പാലത്തിന്റെ പ്രഖ്യാപനം വന്നതോടെ നിലവിലുള്ള പാലത്തിന്റെ സംരക്ഷണവും അറ്റകുറ്റ പണികളും അധികൃതരും ഉപേക്ഷിച്ച നിലയിലാണുള്ളത്. പാലത്തിന്റെ തൂണുകളില്‍ വളരുന്ന ആല്മരങ്ങള് വെട്ടിമാറ്റുന്നതിനു പോലും പദ്ധതി തയ്യാറാക്കണമെന്നും സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്നും പറയുന്ന പൊതുമരാമത്ത് അധികൃതര്‍ക്ക് നിലവിലുള്ള പാലം സംരക്ഷിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന ഭാവമാണ് ഉള്ളത്.
എം. എല്‍. എ. ഫണ്ടില്‍ നിന്നും പത്ത് കോടി രൂപ അനുവദിച്ച് കുളത്തൂപ്പുഴ അമ്പലക്കടവ് പാലത്തിന്റെ പടിഞ്ഞാറേ അറ്റം മുതല്‍ തെന്മല വരെയുള്ള പത്ത് കിലോമീറ്റര്‍ ദൂരം ഉന്നത നിലവാരത്തില്‍ ടാറിംഗ് ചെയ്യുന്ന ജോലി നടക്കുകയാണ്.
ഇതില്‍ റോഡുവക്കിലുള്ള സംരക്ഷണ ഭിത്തികളുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നുണ്ടെങ്കിലും ദിനവും വിദേശ സഞ്ചാരികളും അയ്യപ്പ ഭക്തരും പ്രദേശവാസികളുമടക്കം നൂറുകണക്കിനു പേര് കടന്നുപോകുന്ന അമ്പലക്കടവ് പാലത്തിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണം മാത്രം ഉള്‍പ്പെടുന്നില്ല. പത്ത് കോടിയുടെ റോഡ് നിര്‍മ്മാണത്തിനു പദ്ധതി തയറാക്കിയ പൊതുമരാമത്ത് അധികൃതരോ ബന്ധപ്പെട്ടവരോ പൊതുജനങ്ങളുടെ സുരക്ഷാ പ്രശ്നം കണ്ടില്ലെന്നുനടിക്കുകയാണ്.